ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

മലപ്പുറം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളന വേദിയിലായിരുന്നു കാനത്തിന്‍റെ വിമർശനം. നിയമസഭ പാസാക്കിയ നിയമം അംഗീകരിക്കാതെ ഗവർണർ ബുദ്ധിമുട്ടിക്കുകയാണ്. ഇത് രാജഭരണം അല്ലല്ലോ? ഇല്ലാത്ത അധികാരം ഉണ്ടെന്നാണ് ഗവർണറുടെ ധാരണ. കത്തുകൾ പ്രസിദ്ധീകരിക്കുമെന്നതാണ് ഇപ്പോഴത്തെ ഭീഷണി. മുഖ്യമന്ത്രി നൽകിയ കത്തല്ലേ, പ്രേമലേഖനം അല്ലലോയെന്നും കാനം ചോദിച്ചു.

മുഖ്യമന്ത്രിക്കെതിരായ ആരോപണം ​ഗവർണർ ഇന്നും ആവ‍ർത്തിച്ചു. മുഖ്യമന്ത്രിയെ ഓർത്ത് സഹതാപമാണ് തോന്നുന്നത്. കണ്ണൂ‍ർ സംഭവത്തിൽ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം ആണ്. ആക്രമിച്ച ദൃശ്യങ്ങൾ നാളെ പുറത്തുവിടും. ​ഗവർണ‍ക്കെതിരെ ആക്രമണം നടക്കുമ്പോൾ പരാതി കിട്ടിയിട്ട് വേണോ സർക്കാർ അന്വേഷിക്കാനെന്നും ഗവര്‍ണര്‍ ചോദിച്ചു

സ്വയമേ കേസെടുത്ത് അന്വേഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനില്ലേ എന്നും ​ഗവർണർ ചോദിച്ചു. ഇതിന് പിന്നിൽ ഗൂഡാലോചനയുണ്ട്. ദൃശ്യങ്ങൾ നാളെ പുറത്തുവിടും. ഗവർണർ പോലും ഈ നാട്ടിൽ സുരക്ഷിതനല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ കേന്ദ്രത്തെ സമീപിക്കും. അതിനുള്ള ഘട്ടം ആയെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.