തന്‍സീം ഇ ഇന്‍സാഫിനെ രാഷ്ട്രീയമായി ഏറ്റെടുത്ത് സിപിഐ

വിജയവാഡ: മുസ്ലിം വിഭാഗങ്ങളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘തന്‍സീം ഇ ഇൻസാഫിനെ’ രാഷ്ട്രീയമായി ഏറ്റെടുത്ത് സിപിഐ. വിവിധ സംസ്ഥാനങ്ങളിൽ ചെറു ഗ്രൂപ്പുകളായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് സിപിഐ ദേശീയ രൂപം സൃഷ്ടിക്കണമെന്ന് പാർട്ടി കോൺഗ്രസ് നിർദ്ദേശിച്ചിട്ടുണ്ട്. ന്യൂനപക്ഷ, മുസ്ലിം സമുദായങ്ങൾക്കിടയിൽ ഒരു സ്വതന്ത്ര സംഘടന എന്ന നിലയിൽ തൻസീം-ഇ-ഇൻസാഫിനെ സിപിഐ പിന്തുണച്ചിരുന്നു. എന്നാൽ ഇതാദ്യമായാണ് ഇത് പാർട്ടി ബഹുജന സംഘടനകളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി പാർട്ടി കോൺഗ്രസിൽ റിപ്പോർട്ട് ചെയ്യുന്നത്.

സാമുദായികരീതിയില്‍ സംഘടന രൂപീകരിക്കുന്നതിനെ സിപിഐ നേതാക്കൾ നേരത്തെ എതിർത്തിരുന്നു. കേന്ദ്ര നിർദ്ദേശത്തെ തുടർന്ന് 2022 മാർച്ചിലാണ് കേരളത്തിൽ ഇത് ആരംഭിച്ചത്. ദളിതരെ ദളിതരായി സംഘടിപ്പിക്കുന്നത് പോലും അവരോട് വിവേചനം കാണിക്കുന്നതാണെന്ന് കഴിഞ്ഞ തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു.

ന്യൂനപക്ഷങ്ങൾ പൊതുവിലും മുസ്ലീങ്ങൾ പ്രത്യേകിച്ചും അവഗണനയും അരക്ഷിതാവസ്ഥയും നേരിടുന്നുവെന്ന ആമുഖത്തോടെയാണ് ‘തൻസീം-ഇ-ഇൻസാഫിനെക്കുറിച്ചുള്ള’ റിപ്പോർട്ട് പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ചത്. ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ട് ചെലവഴിക്കാതെ മടങ്ങുകയാണ്. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ യാചിച്ച് നേടേണ്ടതല്ലെന്ന് ബോധ്യപ്പെടുത്തുകയാണ് ‘തൻസീം-ഇ-ഇൻസാഫിന്‍റെ’ ലക്ഷ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു.