കശ്മീരുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം: ജലീലിനെ തിരുത്തി സിപിഐഎം
മുന്‍മന്ത്രി കെ ടി ജലീല്‍ കശ്മീരുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചത് സിപിഐഎം നിര്‍ദേശിച്ചതിനെത്തുടര്‍ന്ന്. ജലീലിനെതിരെ സി.പി.എം കർശന നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ഉൾപ്പെടെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. പോസ്റ്റിനെച്ചൊല്ലിയുള്ള വിവാദങ്ങളും ആരോപണങ്ങളും രൂക്ഷമായതോടെ ജലീലിന്‍റെ പരാമർശം പിൻവലിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. സിപിഐഎമ്മിന്റെ പ്രഖ്യാപിത നിലപാടില്‍ നിന്നും ആരും വ്യതിചലിക്കില്ലെന്നാണ് ജലീല്‍ വിവാദ പരാമര്‍ശം പിന്‍വലിച്ച ശേഷം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതികരിച്ചത്. പോസ്റ്റ് പിന്‍വലിച്ചത് എന്തുകൊണ്ടാണെന്ന് ജലീലിനോട് ചോദിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
തന്‍റെ വിവാദ പരാമർശങ്ങൾ പിൻവലിക്കുന്നതായി പുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് ജലീൽ അറിയിച്ചത്. കശ്മീർ യാത്രയിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് വിശദീകരിച്ചാണ് ജലീൽ പിൻവലിച്ചത്. താൻ ഉദ്ദേശിച്ചതിന് വിപരീതമായി ഈ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. നാടിന്‍റെ നൻമയ്ക്ക് വേണ്ടിയാണ് തന്‍റെ പരാമർശങ്ങൾ പിൻവലിക്കുന്നതെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സി.പി.എമ്മിന്‍റെ നിർദേശ പ്രകാരമാണ് ജലീൽ വിവാദ പരാമർശം പിൻവലിച്ചത്. വിവാദ പോസ്റ്റില്‍ ജലീല്‍ രാവിലെ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് സിപിഐഎം സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു. ജലീല്‍ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലെ ആസാദ് കാശ്മീര്‍, ഇന്ത്യന്‍ അധീന കാശ്മീര്‍ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പരാമര്‍ശങ്ങള്‍ പാക് സ്തുതിയാണെന്നാണ് ബിജെപിയുടെ ആരോപണം.