എസ്‌എഫ്ഐ രക്തസാക്ഷി ധീരജിന്‍റെ കുടുംബത്തിന് സഹായമായി 35 ലക്ഷം കൈമാറി സിപിഎം

തൊടുപുഴ: കെഎസ്‌യു പ്രവർത്തകരുടെ കുത്തേറ്റ് മരിച്ച എസ്എഫ്ഐ നേതാവ് ധീരജ് രാജേന്ദ്രന്റെ കുടുംബ സഹായ ഫണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. പിതാവ് രാജേന്ദ്രനും അമ്മ പുഷ്കലയ്ക്കും 25 ലക്ഷം രൂപ വീതവും ഇളയ സഹോദരൻ അദ്വൈതിന് 10 ലക്ഷം രൂപ വീതവും നൽകി. സംഘർഷത്തിൽ പരിക്കേറ്റ ധീരജിനൊപ്പം ഉണ്ടായിരുന്ന അമൽ, അഭിജിത്ത് എന്നിവർക്ക് തുടർവിദ്യാഭ്യാസത്തിനായി അഞ്ച് ലക്ഷം രൂപ വീതം കൈമാറി. ചെറുതോണിയിൽ ധീരജ് സ്മാരകത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. വിദ്യാർത്ഥികൾക്കുള്ള പഠനകേന്ദ്രമായും ലൈബ്രറിയായും കേന്ദ്രം പ്രവർത്തിക്കും. നാല് ദിവസം കൊണ്ട് 1.58 കോടി രൂപയാണ് സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി പിരിച്ചെടുത്തത്.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥിയാണ് ധീരജെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുശ്ശീലങ്ങളില്ലാത്ത ഒരു മനുഷ്യനായിരുന്നു അദ്ദേഹം.  എസ്.എഫ്.ഐ.യുടെ വളർച്ചയുടെ വേഗത കണ്ണഞ്ചിപ്പിക്കുന്ന രീതിയിൽ വർദ്ധിച്ചു വരികയാണ്. നമ്മുടെ രാജ്യത്തെ ഏറ്റവും പഴക്കമേറിയ പാർട്ടികളിലൊന്ന് ഇന്നും ചില തീവ്രവാദ സംഘടനകൾ സ്വീകരിക്കുന്ന രീതി സ്വീകരിച്ചിട്ടുണ്ട്. ധീരജിനെ കൃത്യതയോടെയും സൂക്ഷ്മതയോടെയും ആണ് കൊല നടത്തിയത്. ഒറ്റ വെട്ടിൽ മരിക്കാൻ എവിടെ വെട്ടണം എന്ന് പഠിച്ചാണ് ക്രിമിനൽ കൃത്യം നടത്തിയത്. സംഭവം എല്ലാരേയും വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

“അക്രമത്തിന് നേതൃത്വം നൽകിയവർക്ക് പശ്ചാത്താപമുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. കോൺഗ്രസ് തലപ്പത്തു നിന്നാണ് കൊലപാതകത്തിന് നേതൃത്വം നൽകിയത്. കോൺഗ്രസ് നേതൃത്വം രക്തസാക്ഷിത്വത്തെ അപമാനിച്ചു. കെപിസിസി അധ്യക്ഷൻ നിരവധി തവണ ആക്ഷേപിച്ചു. ഡിസിസി പ്രസിഡന്‍റ് ധീരജിന്‍റെ അനുഭവം ഉണ്ടാകും എന്ന് ഭീഷണിപ്പെടുത്തി. ഇതിനെതിരെ ഒരഭിപ്രായവും കോൺഗ്രസിൽ നിന്നും ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് ഇന്ന് അത്തരത്തിലൊരു പാർട്ടിയായി മാറിയിരിക്കുന്നു. കെഎസ്‌യുവാണ് ആയുധങ്ങളുമായി കാമ്പസുകളിൽ ആക്രമണം അഴിച്ചുവിട്ടത്. എസ്എഫ്ഐ ശക്തിപ്പെടുന്നത് അങ്ങേയറ്റം അസഹിഷ്ണുതയോടെയാണ് അവർ കാണുന്നത്. കൊലപാതകം നടത്തിയവരെ സംരക്ഷിക്കാൻ ഒരു അഖിലേന്ത്യാ നേതാവ് പോലും തയ്യാറാകുന്നു.” – പിണറായി വിജയൻ ആരോപിച്ചു.