സിപിഎം പ്രശ്നങ്ങൾ പരിഹരിക്കാൻ കെൽപ്പുള്ള പ്രായപൂർത്തിയായ പാർട്ടി; റിസോർട്ട് വിവാദത്തിൽ കാനം
കോട്ടയം: പ്രശ്നങ്ങൾ പരിഹരിക്കാൻ കെൽപ്പുള്ള പ്രായപൂർത്തിയായ പാർട്ടിയാണ് സി.പി.എമ്മെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. റിസോർട്ട് വിഷയത്തിൽ ഇ.പി ജയരാജനും പി.ജയരാജനും തമ്മിലുള്ള തർക്കത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അഭിപ്രായം പറയേണ്ട ആവശ്യമില്ല. സി.പി.എമ്മിനുള്ളിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അവർ അത് ചർച്ച ചെയ്യട്ടെയെന്നും കാനം പറഞ്ഞു.
വിവാദത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറായില്ല. സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ മുഖ്യമന്ത്രിയോട് വിഷയം ചോദിച്ചെങ്കിലും തണുപ്പ് എങ്ങനെയുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മാധ്യമങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അടുത്തുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇ.പി ജയരാജനെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്തണമോയെന്ന് സംസ്ഥാന ഘടകത്തിന് തീരുമാനിക്കാമെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്. തെറ്റ് തിരുത്തൽ രേഖയിൽ വിട്ടുവീഴ്ച വേണ്ടെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കി. വിഷയം നാളെ ആരംഭിക്കുന്ന പിബിയുടെ പരിഗണനയ്ക്ക് വരും.