ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ വിമർശനവുമായി സിപിഎം കണ്ണൂ‍ര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജൻ

കൊച്ചി: ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ രൂക്ഷവിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്ന വ്യക്തിയുടെ വിധിക്ക് നിയമ ബോധമുള്ള ഡിവിഷൻ ബെഞ്ച് വിലകല്പിച്ചിട്ടില്ല. ഗവർണറും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും തമ്മിലുള്ള ബന്ധം കൂടുതൽ വ്യക്തമാകേണ്ടതുണ്ട്. സർവ്വകലാശാല വിസി നിയമനത്തിലെ സെർച്ച് കമ്മറ്റിയിൽ ഗവർണറുടെ നോമിനി വേണമെന്ന വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് ഇത്തരമൊരു വിമർശനം.

ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവിലെ 144, 145 ഖണ്ഡികകളാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. ഇത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടുന്നു. ചാൻസലറായി ഗവർണർ നിയമിച്ച സിസ തോമസിന് വിസി സ്ഥാനത്ത് തന്നെ തുടരാമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരായ സർക്കാരിൻ്റെ അപ്പീൽ ഹർജിയും ഹൈക്കോടതി ഇന്ന് ഫയലിൽ സ്വീകരിച്ചു.

സേർച്ച്‌ കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം സർക്കാരിന് മാത്രമാണെന്ന നിലപാട് ഹൈക്കോടതിയിൽ യുജിസി സ്വീകരിച്ചിരുന്നു. ഇതോടെയാണ് സെർച്ച് കമ്മിറ്റിയിൽ ചാൻസിലറുടെ പ്രതിനിധിയെ ഉൾക്കൊള്ളിക്കാനുള്ള സിംഗിൾ ബെഞ്ച് നിർദേശം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചത്.