മേയർക്കെതിരെ CPM നടപടിക്കൊരുങ്ങുന്നത് മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാന്‍: കെ.സുരേന്ദ്രന്‍
കോഴിക്കോട്: ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് മുന്നോടിയായി നടന്ന ബാലഗോകുലം മാതൃസംഗമത്തിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തതിൽ എന്താണ് തെറ്റെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മേയർ ബീന ഫിലിപ്പിനെ പരസ്യമായി തള്ളിപ്പറയുന്ന സി.പി.എം നിലപാട് അവരുടെ ഇരട്ടനീതിയുടെ ഉദാഹരണമാണെന്നും സുരേന്ദ്രൻ പറഞ്ഞു. മുസ്ലിം സംഘടനകളുടെ എല്ലാ പരിപാടികളിലും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുന്നുണ്ട്. മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനാണ് മേയർക്കെതിരെ നടപടിക്കൊരുങ്ങുന്നത്. ന്യൂനപക്ഷ വർഗീയതയാണ് സി.പി.എം സ്വീകരിക്കുന്നത്. സി.പി.എമ്മിന് വോട്ടുബാങ്ക് രാഷ്ട്രീയമുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ദിവസം ബാലഗോകുലത്തിന്‍റെ സ്വത്വ-2022 മാതൃസമ്മേളനത്തിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തിരുന്നു. ശ്രീകൃഷ്ണന്‍റെ വിഗ്രഹത്തിലും മാലയിട്ടു. ബാലഗോകുലം പരിപാടിക്ക് പോകരുതെന്ന് പാർട്ടി തന്നോട് കർശനമായി പറഞ്ഞിട്ടില്ലെന്നും വർഗീയ സ്വഭാവമുള്ളതായി തോന്നാത്തതിനാലാണ് താൻ പോയതെന്നും ബീന ഫിലിപ്പ് പ്രതികരിച്ചിരുന്നു. പരിപാടിയിൽ പങ്കെടുത്ത അവർ ഉത്തരേന്ത്യയിലെ ശിശുപരിപാലനത്തെ പ്രകീർത്തിക്കുകയും ചെയ്തിരുന്നു.