മന്ത്രിമാരുടെ പ്രവർത്തനത്തിൽ സിപിഎം സംസ്ഥാന സമിതിയില്‍ വിമർശനം ഉയർന്നതായി കോടിയേരി
തിരുവനന്തപുരം: മന്ത്രിമാരുടെ പ്രവർത്തനത്തിൽ സിപിഎം സംസ്ഥാന സമിതിയില്‍ വിമർശനം ഉയർന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആഭ്യന്തര വകുപ്പിനെതിരെയും വിമർശനം ഉയർന്നുവെന്ന് കോടിയേരി പറഞ്ഞു.
‘മന്ത്രിമാരുടെ പ്രവർത്തനത്തിലെ പോരായ്മകൾ ചർച്ച ചെയ്യേണ്ടത് പാർട്ടിയാണ്. ഞങ്ങൾ അത് ചെയ്തു. ഇത്തവണ മന്ത്രിമാരുടെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾ ചർച്ചയായി. മന്ത്രിമാർ കുറച്ചുകൂടി സജീവമാകണം. സംസ്ഥാനത്തുടനീളം സജീവമായിരിക്കണം. അത്തരം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്’, കോടിയേരി പറഞ്ഞു. സി.പി.എം സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടക്കമായതിനാൽ ഓഫീസുകൾ മാത്രം കേന്ദ്രീകരിക്കുന്ന ഒരു സാഹചര്യമുണ്ട്. ഓണ്‍ലൈന്‍ സംവിധാനത്തിന്‍റെ വരവോടെ ചില പ്രോഗ്രാമുകൾ ഇതിലൂടെ ക്രമീകരിക്കുന്നുണ്ട്. അതിനെല്ലാം ബന്ധപ്പെട്ടവർ മാറ്റം വരുത്തണമെന്ന് പാർട്ടി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരെ മാറ്റേണ്ട ആവശ്യമില്ല. ആഭ്യന്തര വകുപ്പിനെതിരെയും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. അതിന് നേട്ടങ്ങളുമുണ്ട്. പൊലീസ് വകുപ്പിനെതിരെ എപ്പോഴും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. അതേസമയം രാജ്യത്തെ ക്രമസമാധാന നില ഏറ്റവും ഭദ്രമായി നില്‍ക്കുന്നത് കേരളത്തിലാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.