കേരളത്തിൽ നിലനിൽക്കുന്ന പ്രാകൃത വിശ്വാസങ്ങള്‍ക്കെതിരെ പോരാടണമെന്ന് സിപിഎം

തിരുവനന്തപുരം: കേരളത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തീവ്രതയാണ് പത്തനംതിട്ടയിലെ കൊലപാതകം തുറന്നുകാട്ടുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇതിനെതിരെ പോരാടണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ലോകത്തിലെ സമ്പത്ത് ആഭിചാര കർമ്മങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടതല്ല. ശാസ്ത്രീയമായ ചിന്ത ഉത്പാദനമേഖലയിൽ പ്രയോഗിച്ചതാണ് ഇതിന് കാരണം. ജീവന്‍റെ ഉത്ഭവത്തെയും പരിണാമത്തെയും കുറിച്ചുള്ള ശരിയായ ധാരണ കൂടുതൽ വികാസം പ്രാപിക്കുന്ന കാലഘട്ടമാണിത്. ജീവജാലങ്ങളെ തന്നെ സൃഷ്ടിക്കാൻ കഴിയുന്ന വിധത്തിൽ അത് പരിണമിക്കുകയാണ്. ഈ ഘട്ടത്തിലാണ് പ്രാകൃത വിശ്വാസങ്ങൾക്ക് പിന്നിൽ ശാസ്ത്രീയ സത്യമുണ്ടെന്നും അതിനാൽ രാജ്യം ലോകത്തിന് മാതൃകയാണെന്നും ഉള്ള പ്രചാരണങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നത്. അത്തരം കാഴ്ചപ്പാടുകളെ ചെറുത്തുതോൽപ്പിച്ച് മുന്നോട്ടുപോകാൻ കഴിയണം.

അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും കേരളീയ സമൂഹത്തിൽ നിന്ന് തുടച്ചുനീക്കാനുള്ള പോരാട്ടങ്ങളാണ് നവോത്ഥാന പ്രസ്ഥാനങ്ങൾ നടത്തിയത്. ദേശീയ പ്രസ്ഥാനവും ഇക്കാര്യത്തിൽ പ്രധാന പങ്ക് വഹിച്ചു. കർഷക, തൊഴിലാളി പ്രസ്ഥാനങ്ങൾ ഈ പ്രസ്ഥാനത്തെ കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നോട്ട് നയിച്ചു. അത്തരം ഇടപെടലുകളുടെ ഫലമായാണ് കേരളത്തിൽ ഇടതുപക്ഷ മനസ്സ് രൂപപ്പെട്ടത്. ഇതായിരുന്നു ആധുനിക കേരള സമൂഹത്തിന്‍റെ വികസനത്തിന്‍റെ അടിസ്ഥാനം. ഓരോ ഘട്ടത്തിലും സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളെ ദുർബലപ്പെടുത്തുന്ന ഇടപെടലുകൾ കേരളത്തിൽ ഉയർന്നുവന്നിട്ടുണ്ട്. അതിനെ അതിജീവിച്ചാണ് കേരള സമൂഹം വളർന്നത്.

ഫ്യൂഡൽ മൂല്യങ്ങളുള്ള ഒരു സമൂഹത്തിൽ, സ്വാഭാവികമായും അന്ധവിശ്വാസങ്ങൾക്കും തിന്മകൾക്കും ഒളിത്താവളങ്ങൾ ഉണ്ടാകും. മറ്റെന്തിനേക്കാളും മുകളിലാണ് പണമെന്ന കാഴ്ചപ്പാടാണ് മുതലാളിത്ത മൂല്യങ്ങൾ മുന്നോട്ട് വയ്ക്കുന്നത്. ആഗോളവൽക്കരണത്തിന്‍റെ നയങ്ങൾ മുന്നോട്ടുവയ്ക്കുന്ന സാംസ്കാരിക മൂല്യങ്ങളും, എന്ത് ചെയ്തും പണം ഉണ്ടാക്കാനുള്ള പ്രവണതയെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്. ഇതിനായി നവമാധ്യമങ്ങളെ ഉപയോഗിക്കുകയാണ്. ഇതിലൂടെ, ദുർബലമായ മനസ്സുകൾ ഇത്തരം ക്രൂരകൃത്യങ്ങളിലേക്ക് എത്തിപ്പെടുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.