തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകനേയും ബന്ധുവിനേയും ലഹരിമാഫിയ സംഘം വെട്ടിക്കൊന്നു

തലശ്ശേരി: മയക്കുമരുന്ന് മാഫിയ സംഘത്തെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് തലശേരിയിൽ രണ്ട് പേരെ വെട്ടിക്കൊലപ്പെടുത്തി. ഒരാൾക്ക് പരിക്കേറ്റു. തലശ്ശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ.ഖാലിദ്(52), സഹോദരീ ഭര്‍ത്താവും സി.പി.എം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ ത്രിവര്‍ണ ഹൗസില്‍ പൂവനയില്‍ ഷമീര്‍(40) എന്നിവരാണ് മരിച്ചത്. തലശേരി സഹകരണ ആശുപത്രിയിൽ നിന്ന് വിളിച്ചിറക്കി ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഖാലിദ് സഹകരണ ആശുപത്രിയിലും ഷമീർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. സഹകരണ ആശുപത്രി പരിസരത്ത് ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. ഇവരുടെ സുഹൃത്ത് നെട്ടൂര്‍ സാറാസില്‍ ഷാനിബ് (29) സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

മയക്കുമരുന്ന് വിൽപ്പന ചോദ്യം ചെയ്തതിന് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ നെട്ടൂർ ചിറക്കക്കാവിനടുത്ത് ഷമീറിന്‍റെ മകൻ ഷെബിലിനെ ഒരാൾ മർദ്ദിച്ചിരുന്നു.ഇയാളെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് മയക്കുമരുന്ന് മാഫിയയിൽപ്പെട്ട ഒരാൾ ആശുപത്രിയിലെത്തി. പ്രശ്നം പരിഹരിക്കാനെന്ന വ്യാജേനയാണ് ഖാലിദിനെയും കൂട്ടരെയും പുറത്തേക്ക് വിളിച്ചത്. സംഘത്തിലെ നാലുപേർ ആശുപത്രിക്ക് പുറത്ത് കാത്തുനിന്നതായാണ് വിവരം. ഖാലിദ് ആശുപത്രി കാന്‍റീൻ പരിസരത്ത് സംസാരിക്കുന്നതിനിടെ ഒരാൾ ആശുപത്രിയിൽ നിന്ന് വിളിച്ച് കഴുത്തറുക്കുകയായിരുന്നു. ആശുപത്രി കാന്റീന്‍ പരിസരത്തുവച്ച് സംസാരിക്കുന്നതിനിടെ ആശുപത്രിയില്‍നിന്ന് വിളിച്ച് പുറത്തിറക്കിയ ആള്‍ ഖാലിദിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. ഓട്ടോയില്‍ വച്ചിരുന്ന കത്തിയെടുത്തായിരുന്നു വെട്ടിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തടയാന്‍ ശ്രമിച്ച ഷമീറിന്റെ പുറത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും വെട്ടേറ്റു.