കാക്കി ട്രൗസറിന് തീപിടിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ തീ പിടിച്ചത് സിപിഎമ്മിന്റെ ചുവന്ന ട്രൗസറിന്: കെ എം ഷാജി

മലപ്പുറം: സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് നേതാക്കൾ രംഗത്ത്. ബി.ജെ.പിയുടെ ഫാസിസത്തെ എതിർക്കുന്ന കോൺഗ്രസിന്‍റെ ഏഴയലത്ത് കമ്യൂണിസ്റ്റ് പാർട്ടി എത്തില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന്‍റെ ഭാഗമായി ആർ.എസ്.എസിന്‍റെ കാക്കി ട്രൗസറുകൾക്ക് തീ പിടിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തപ്പോൾ തീപിടിച്ചത് സി.പി.എമ്മിന്‍റെ ചുവന്ന ട്രൗസറുകൾക്ക് ആണെന്ന് കെ.എം ഷാജി പരിഹസിച്ചു.

മലപ്പുറം പൂക്കോട്ടൂർ മുണ്ടിത്തൊടികയിൽ മുസ്ലിം ലീഗ് ഓഫീസിന്‍റെ ഉദ്ഘാടന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. കെ.എം. ഷാജിയാണ് മുഖ്യപ്രഭാഷണം നടത്തിയത്.  

കോൺഗ്രസിന് പകരം ബി.ജെ.പിയെ നേരിടാൻ മറ്റൊരു പാർട്ടിയുമില്ല. ബി.ജെ.പിക്കെതിരെ വലിയ വിമർശനം ഉന്നയിച്ച മമതാ ബാനർജി ചില ആരോപണങ്ങൾ ഉയർന്നപ്പോൾ നിശബ്ദ ആയെന്നും എന്നാൽ എത്രയോ മണിക്കൂറുകൾ ചോദ്യം ചെയ്തിട്ടും രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.