കുതിരാൻ മേല്‍പ്പാലത്തിലെ കല്‍ക്കെട്ടില്‍ വിള്ളല്‍; നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് കണ്ടെത്തൽ

തൃശ്ശൂര്‍: കുതിരാൻ റോഡിലെ കരിങ്കൽക്കെട്ട് നിർമ്മിച്ചതിൽ അപാകതകളുണ്ടെന്ന് ദേശീയപാത അധികൃതർ. എൻഎച്ച് പ്രോജക്ട് ഡയറക്ടർ ബിപിൻ മധു നടത്തിയ പരിശോധനയിൽ കൽക്കെട്ടിന് മതിയായ ചരിവില്ലെന്ന് കണ്ടെത്തി. നാട്ടുകാരുടെ ആവശ്യപ്രകാരം ഒഴിച്ചിട്ട സർവീസ് റോഡ് നികത്തി കല്‍ക്കെട്ട് ബലപ്പെടുത്താനാണ് ഇപ്പോഴത്തെ നീക്കം.

വഴുക്കുംപാറ മേൽപ്പാലം പരിശോധിക്കാനെത്തിയ പ്രോജക്ട് മാനേജരാണ് നിർമ്മാണത്തിലെ വീഴ്ചകൾ സമ്മതിച്ചത്. കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടർന്ന് പുറത്തേക്ക് തള്ളിയ കല്‍ക്കെട്ട് പരിശോധിക്കാൻ കരാർ കമ്പനിയായ കെ.എം.സിക്ക് നിർദേശം നൽകിയിട്ടുണ്ട്. മതിയായ ചരിവോടെയല്ല കല്‍ക്കെട്ട് നിർമ്മിച്ചതെന്ന് കണ്ടെത്തി. നാട്ടുകാരുടെ ആവശ്യപ്രകാരമാണ് കൽക്കെട്ടിനോട് ചേർന്നുള്ള സർവീസ് റോഡ് നിലനിർത്തിയത്. സർവീസ് റോഡിൽ മണ്ണിട്ട് നികത്തി ചരിവ് വർദ്ധിപ്പിക്കേണ്ടി വരുമെന്നും പ്രോജക്ട് മാനേജർ പറഞ്ഞു. എന്നാൽ സർവീസ് റോഡ് അടയ്ക്കാനുള്ള നീക്കം അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് നാട്ടുകാർ.

പ്രോജക്ട് മാനേജർ ഇന്ന് ജില്ലാ ഭരണകൂടത്തിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. ജില്ലാ കളക്ടർ നിയോഗിച്ച സമിതിയും വഴുക്കുംപാറയിൽ പരിശോധന നടത്തും. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലാണ് വഴുക്കുംപാറ മേൽപ്പാലത്തിലെ കരിങ്കൽ കെട്ട് പുറത്തേക്ക് തള്ളിയത്. ഇതോടെ ദേശീയപാതയിലും വിള്ളലുണ്ടായി. ഇതേതുടർന്നാണ് റവന്യൂ മന്ത്രിയും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി റിപ്പോർട്ട് തേടിയത്.