ആറ് മാസം ബഹിരാകാശത്ത് ചെലവഴിച്ച ശേഷം ക്രൂ-4 തിരിച്ചെത്തി
വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 170 ദിവസം ചെലവഴിച്ച നാലംഗ സംഘം തിരിച്ചെത്തി. നാസയുടെ ബോബ് ഹൈൻസ്, ജുവൽ ലിൻഡ്ഗ്രെൻ, ജെസീക്ക വാക്കിൻസ്, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സാമന്ത ക്രിസ്റ്റോഫോറെറ്റി എന്നിവർ ഉൾപ്പെടുന്ന ‘ക്രൂ-4’ സ്പേസ് എക്സിന്‍റെ ഡ്രാഗൺ ബഹിരാകാശ പേടകത്തിലാണ് ഭൂമിയിലെത്തിയത്. ഫ്ലോറിഡയ്ക്കടുത്തുള്ള ജാക്സൺവില്ലെ തീരത്ത് വെള്ളിയാഴ്ച വൈകുന്നേരം പ്രാദേശിക സമയം 4.55 ന് പാരച്യൂട്ടിന്‍റെ സഹായത്തോടെയാണ് ബഹിരാകാശ പേടകം അറ്റ്ലാന്‍റിക് സമുദ്രത്തിൽ ഇറങ്ങിയത്. സ്പേസ് എക്സിന്‍റെ റെസ്ക്യൂ ബോട്ടുകളാണ് ബഹിരാകാശ പേടകത്തെയും ബഹിരാകാശയാത്രികരെയും കരയ്ക്കെത്തിച്ചത്. ഇതോടെ നാസയുടെ നാലാമത്തെ വാണിജ്യ ദൗത്യം പൂർത്തിയായി.
മടങ്ങിയെത്തിയ ബഹിരാകാശ യാത്രികരെ നാസ മേധാവി ബിൽ നെൽസൺ സ്വാഗതം ചെയ്തു. ടീമിന്‍റെ ആറ് മാസത്തെ പ്രവർത്തനങ്ങൾ ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് കൂടുതൽ സഹായകരമാകുമെന്ന് ബിൽ പറഞ്ഞു.
ഏപ്രിൽ 27 ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് ഫാൽക്കൺ -9 റോക്കറ്റിലാണ് ക്രൂ -4 പറന്നുയർന്നത്. 11 കോടിയിലധികം കിലോമീറ്ററാണ് ദൗത്യത്തിന്‍റെ ഭാഗമായി ഇവർ സഞ്ചരിച്ചത്. രണ്ട് യാത്രകളിലായി 369 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചതോടെ ക്രിസ്റ്റോഫോറെറ്റി ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം തങ്ങുന്ന രണ്ടാമത്തെ വനിതയായി മാറി.