മാറ്റത്തിൻ്റെ വഴിയെ ക്രിക്കറ്റ്; പാണ്ഡ്യയുടെ നേതൃത്വത്തിൽ പുതിയ ടീമെന്ന് സൂചന

മുംബൈ: ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിലെ സെമി ഫൈനൽ തോൽവിക്ക് പിന്നാലെ മുഖം മിനുക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബി.സി.സി.ഐ). ഇംഗ്ലണ്ടിനോടേറ്റ 10 വിക്കറ്റിന്‍റെ തോൽവി ഇന്ത്യൻ ക്രിക്കറ്റിന് ചെറിയ ആഘാതമായിരുന്നില്ല.

കഴിഞ്ഞ വർഷത്തെ ലോകകപ്പിന് ശേഷം വിരാട് കോഹ്ലിക്ക് നായകസ്ഥാനം ഉപേക്ഷിക്കേണ്ടി വന്നതിന്‍റെ പ്രധാന കാരണം ലോകകിരീടം നേടാൻ കഴിയാത്തതാണ്. കോഹ്ലിയേക്കാൾ ഒരു വയസ്സ് കൂടുതലുള്ള രോഹിത് ശർമയെയാണ് ശേഷം ക്യാപ്റ്റനായി നിയമിച്ചത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ച രോഹിതിന് ഇന്ത്യയുടെ കിരീട വരൾച്ച അവസാനിപ്പിക്കാൻ കഴിയുമെന്നായിരുന്നു ബി.സി.സി.ഐയുടെ വിലയിരുത്തൽ. അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പാണ് ഇനി രോഹിതിന് മുന്നിലുള്ളത്.

രോഹിതും കോഹ്ലിയും ടി20യിൽ നിന്ന് വിരമിക്കണമെന്നാണ് ബിസിസിഐയുടെ അഭിപ്രായമെന്ന് ഒരു ഉദ്യോഗസ്ഥൻ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇക്കാര്യത്തിൽ സീനിയർ താരങ്ങൾ തന്നെ തീരുമാനമെടുക്കണം. ദിനേശ് കാർത്തിക്, ആർ. അശ്വിൻ എന്നിവർ അവരുടെ അവസാന ടി20യും കളിച്ചുവെന്ന് വേണം കരുതാൻ. ലോകകപ്പിനുള്ള ഫിനിഷറായാണ് കാർത്തികിനെ തിരഞ്ഞെടുത്തത്. അദ്ദേഹം അതിൽ പരാജയപ്പെട്ടതിനാൽ, മറ്റൊരു അവസരം ഉണ്ടാകാനിടയില്ല.

ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള പുതിയ ട്വന്റി 20 ടീമാകും ഇനി ഉണ്ടാവുക. ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, ഇഷാൻ കിഷൻ എന്നിവരാകും ടോപ് ഓർഡറിലെത്തുക. മലയാളി താരം സഞ്ജു സാംസണിനും സാധ്യതയുണ്ട്. സഞ്ജുവിനെ ടീമിലെത്തിക്കണമെന്ന് സാമൂഹിക മാധ്യമങ്ങളിലും ആവശ്യമുയരുന്നുണ്ട്. രണ്ടുവർഷം കഴിഞ്ഞാണ് ഇനി അടുത്ത ട്വന്റി 20 ലോകകപ്പ്. അന്ന് 37 വയസ്സാകുന്ന രോഹിത് ക്യാപ്റ്റനാകാനോ ടീമിലുണ്ടാകാനോ സാധ്യതയില്ല.