എകെജി സെന്റര്‍ ആക്രമണക്കേസിൽ രണ്ട് പേരെക്കൂടി പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണക്കേസിൽ രണ്ട് പേരെ കൂടി ക്രൈംബ്രാഞ്ച് പ്രതി ചേർത്തു. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാവ് ടി നവ്യ എന്നിവരെയാണ് കേസിൽ പ്രതി ചേർത്തത്. ഇരുവർക്കുമെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരും ഒളിവിലാണെന്നാണ് വിവരം.
എ.കെ.ജി സെന്‍റർ ആക്രമണക്കേസിൽ അറസ്റ്റിലായ ജിതിനെ നവ്യ സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ രണ്ട് പേർക്ക് കൂടി പങ്കുള്ളതായി നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സ്കൂട്ടർ എത്തിക്കാൻ ഒരു പ്രാദേശിക നേതാവ് സഹായിച്ചുവെന്നും ഗൂഢാലോചനയിൽ മറ്റൊരാൾക്ക് കൂടി പങ്കുണ്ടെന്നുമാണ് കണ്ടെത്തിയത്. ഇരുവർക്കും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ.
സംഭവ ദിവസം ജിതിൻ ഉപയോഗിച്ചിരുന്ന സ്കൂട്ടർ എത്തിച്ചത് ആറ്റിപ്രയിലെ പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാവ് ടി.നവ്യയാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിഗമനം. കാറിൽ ജിതിൻ കുന്നുകഴിയിൽ എത്തിയപ്പോൾ നവ്യ സ്കൂട്ടർ എത്തിച്ച് കൊടുക്കുകയായിരുന്നു. നവ്യയെ കാറിൽ ഇരുത്തിയ ശേഷം സ്കൂട്ടറുമായി പോയ ജിതിൻ ആക്രമണം നടത്തി തിരികെയെത്തി ഇരുവരും മടങ്ങുകയായിരുന്നെന്നാണ് കണ്ടെത്തൽ.