ക്രൈം ബ്രാഞ്ച് സംഘം എ.കെ.ജി സെന്ററിൽ പരിശോധന നടത്തി
തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് സംഘം എ.കെ.ജി സെന്‍ററിലെത്തി പരിശോധന നടത്തി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. എ.കെ.ജി സെന്‍റർ ആക്രമണം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണത്തിനെത്തുന്നത്.
23 ദിവസമാണ് പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ചത്. പ്രതികളെ കണ്ടെത്താൻ കഴിയാത്തതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. എ.കെ.ജി. സെന്‍റർ സന്ദർശിച്ച് സ്ഥലം പരിശോധിച്ച സംഘവും അന്നത്തെ സംഭവം പുനരാവിഷ്കരിക്കാനൊരുങ്ങുകയാണ്. പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തവരെ ക്രൈംബ്രാഞ്ച് സംഘം വീണ്ടും വിളിപ്പിച്ചേക്കും.
എകെജി സെന്‍റർ ആക്രമണം നടത്തിയത് കോൺഗ്രസാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ആരോപിച്ചിരുന്നു. അതേസമയം എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതികളും സഹായിയും തമ്മിലുള്ള സിപിഐ(എം) ബന്ധത്തിന്‍റെ പേരിൽ പൊലീസ് അന്വേഷണം അട്ടിമറിച്ചെന്ന ആരോപണം ശക്തമാണ്.