ക്രിമിയൻ കടൽപ്പാലം തകർത്ത സംഭവം ഭീകരാക്രമണമെന്ന് പുടിൻ
കീവ്: ക്രിമിയയെയും റഷ്യയെയും ബന്ധിപ്പിക്കുന്ന പാലം സ്ഫോടനത്തിൽ തകർത്തതിന് യുക്രൈനെ കുറ്റപ്പെടുത്തി റഷ്യ. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ സംഭവത്തെ ഭീകരപ്രവർത്തനമെന്ന് വിശേഷിപ്പിച്ചു. ആക്രമണത്തിന്‍റെ സൂത്രധാരനും ആക്രമികളും സ്പോൺസർമാരും യുക്രൈൻ തന്നെയാണെന്ന് പുടിൻ പറഞ്ഞു. സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച അന്വേഷണ സമിതിയുടെ തലവനുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു പുടിൻ.
ഞായറാഴ്ച തെക്കൻ യുക്രേനിയൻ നഗരത്തിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തെ യുക്രൈൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കി അപലപിച്ചു. കുറഞ്ഞത് 13 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ആക്രമണത്തിൽ 11 കുട്ടികൾ ഉൾപ്പെടെ 89 പേർക്ക് പരിക്കേറ്റതായി പ്രസിഡന്‍റിന്‍റെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. തകർന്ന കെട്ടിടങ്ങളിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ക്രിമിയ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലമാണ് സ്ഫോടനത്തിൽ തകർന്നത്. യുദ്ധം മുറുകിയതോടെ പാലത്തിന്‍റെ തകർച്ച റഷ്യയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. യുക്രൈനിൽ നിന്ന് റഷ്യ പിടിച്ചെടുത്ത ക്രിമിയ ഉപദ്വീപിലേക്കുള്ള ഏക പാതയായ കെർച്ച് പാലത്തിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ പാലത്തിന്‍റെ ഒരു ഭാഗം തകർന്നു. സ്ഫോടനത്തിന്‍റെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. റഷ്യൻ മാധ്യമങ്ങൾ പാലത്തെ ‘നൂറ്റാണ്ടിന്‍റെ നിർമ്മാണം’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. പാലത്തിലൂടെ കടന്നുപോകുകയായിരുന്ന ഇന്ധനം നിറച്ച ടാങ്കാണ് പൊട്ടിത്തെറിച്ചത്.