രാജസ്ഥാനില്‍ പ്രതിസന്ധി ; 12 കോൺഗ്രസ് കൗണ്‍സിലര്‍മാര്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ദളിതർക്കെതിരായ അതിക്രമങ്ങളിൽ രാജസ്ഥാനിൽ സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം. പാർട്ടിക്കുള്ളിൽ നിന്ന് കടുത്ത സമ്മർദ്ദമാണ് മുഖ്യമന്ത്രി ഗെഹ്ലോട്ട് നേരിടുന്നത്. കുടിവെള്ളം നിറച്ച കലത്തിൽ സ്പർശിച്ചതിന് ഒൻപത് വയസുകാരനെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ വിഷയമാണ് വലിയ വിവാദമായി മാറിയിരിക്കുന്നത്.

ബാരൻ മുനിസിപ്പൽ കൗൺസിലിലെ 12 കോൺഗ്രസ് കൗൺസിലർമാർ രാജിവെച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് അവർ രാജിക്കത്ത് കൈമാറി. നേരത്തെ എംഎൽഎ പാന ചന്ദ് മേഘ്വാളും ദളിതർ നേരിടുന്ന അതിക്രമങ്ങളിൽ കടുത്ത രോഷം പ്രകടിപ്പിച്ച് രാജി പ്രഖ്യാപിച്ചിരുന്നു.

കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ചൊവ്വാഴ്ച കുട്ടിയുടെ വീട് സന്ദർശിച്ചിരുന്നു. ദളിത് സമുദായത്തിന്‍റെ വിശ്വാസം വീണ്ടെടുക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പൈലറ്റ് ആവശ്യപ്പെട്ടു. “ഇത്തരം സംഭവങ്ങൾ ഗൗരവമായി കാണണം. ശക്തമായ നടപടി സ്വീകരിക്കുകയും നാം ദളിത് സമൂഹത്തിനൊപ്പമാണെന്ന് ബോധ്യപ്പെടുത്തുകയും വേണം,” സച്ചിൻ പറഞ്ഞു.