റൺവേയിൽ മുതല! വിമാനം നിർത്തിയിട്ട് ‘വഴിയൊരുക്കി’ പൈലറ്റുമാർ

യുഎസ്: പക്ഷിയോ പാമ്പോ പാറ്റയോ എയർപോർട്ട് റൺവേകളിൽ വന്നിരിക്കുന്നത് അസാധാരണമല്ല. എന്നാൽ, അമേരിക്കയിലെ സൗത്ത് കരോലിനയിലെ ഷാർലെസ്റ്റോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അതിഥിയായി എത്തിയത് ഒരു മുതലയാണ്. ഇതോടെ പറന്നുയരാൻ കാത്തിരുന്ന വിമാനങ്ങൾ കുറച്ചുനേരം പിടിച്ചിട്ടു. മുതല കടന്നുപോയ ശേഷം യാത്ര തുടരാമെന്ന് പൈലറ്റുമാർ യാത്രക്കാരെ അറിയിക്കുകയായിരുന്നു.

സൗത്ത് കരോലിനയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഷാർലെസ്റ്റോണിൽ കഴിഞ്ഞ വാരാന്ത്യത്തിലാണ് അസാധാരണമായ ഈ സംഭവം നടന്നത്. വിമാനത്തിന്‍റെ ജനാലയിലൂടെ യാത്രക്കാരനാണ് മുതലയെ ആദ്യം കണ്ടത്. ഇതോടെ രാത്രി 7 മണിയോടെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ വൈകി. അസാധാരണമായ ഈ സംഭവത്തിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മുതലയെ തുരത്താൻ വിമാനത്താവള അധികൃതർ ശ്രമിച്ചില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പകരം, മുതലയെ റൺവേയിലൂടെ കടന്നുപോകാൻ അനുവദിക്കുകയായിരുന്നു. ഈ സമയം വിവിധ എയർലൈനുകളുടെ വിമാനങ്ങൾ ക്ഷമയോടെ കാത്തിരുന്നു. ഡെൽറ്റ വിമാനം പറന്നുയരാനുള്ള കാലതാമസത്തെക്കുറിച്ച് ​ഫ്ലൈറ്റ് അനൗൺസ്മെന്റും നടത്തി.