നിർണ്ണായക നീക്കവുമായി ദിലീപ് ഇന്ന് കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ ദിലീപിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻറെ ഹർജിയിൽ വിചാരണക്കോടതി 28ന് വിധി പറയും. ഹർജിയിൽ ഇരുവിഭാഗത്തിൻറെയും വാദം ഹൈക്കോടതി കേട്ടിരുന്നു. ദിലീപിൻറെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, സുഹൃത്ത് ശരത്, ഡോ.ഹൈദരാലി എന്നിവരുടെ ശബ്ദസാമ്പിളും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു എന്ന കാരണത്താൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ദിലീപിന്റെ ഫോണിൽ നിന്ന് പഴയ ഫയലുകൾ നീക്കം ചെയ്യാൻ മനപ്പൂർവ്വം ശ്രമം നടന്നതായി പ്രോസിക്യൂഷൻ വീണ്ടും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതേസമയം, കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് സമർപ്പിച്ച രണ്ട് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് കോടതിയിൽ നിന്ന് ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജികളിലൊന്നാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറ്റം കേസിനെ എങ്ങനെ ബാധിക്കുന്നുവെന്നും അത് പ്രതികൾക്ക് എങ്ങനെ ഗുണം ചെയ്യുമെന്നും അതിന്റെ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്നും വിശദീകരിക്കാൻ കോടതി കഴിഞ്ഞ ദിവസം പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരുന്നു.