മാൻഡസ് ചുഴലിക്കാറ്റ്; കേരളത്തിൽ ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർ‌ട്ട്

തിരുവനന്തപുരം: മാൻഡസ് ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. അടുത്ത മൂന്ന് ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ഡിസംബർ 12, 13 തീയതികളിൽ മത്സ്യത്തൊഴിലാളികൾ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

ഞായറാഴ്ച: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം.
തിങ്കളാഴ്ച: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.  
ചൊവ്വാഴ്ച: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.