മാൻഡോസ് ചുഴലിക്കാറ്റ്: ചെന്നൈയിൽ കനത്ത മഴ, കേരളത്തിലും മുന്നറിയിപ്പ്

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മാന്‍ഡോസ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടാൻ സാധ്യത. അർദ്ധരാത്രിയോടെ ശ്രീഹരിക്കോട്ടയ്ക്കും പുതുച്ചേരിക്കും ഇടയിൽ കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്ത് ആയിരിക്കും കരതൊടുക.

നിലവിൽ ചെന്നൈയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. ചെന്നൈയിൽ ഇടവിട്ട് കനത്ത മഴ തുടരുകയാണ്. മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് കര തൊടുമ്പോൾ മണിക്കൂറിൽ 70-85 കിലോമീറ്റർ വേഗതയിൽ വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ്നാട്, പുതുച്ചേരി, തീരദേശ ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഇന്നും നാളെയും മറ്റന്നാളും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ, ഗൂഡല്ലൂർ, വിഴുപ്പുറം, റാണിപേട്ട് എന്നീ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജില്ലാ ഭരണകൂടങ്ങൾ നിർദ്ദേശം നൽകിയിട്ടുണ്ട്.