മാൻഡസ് ചുഴലി ചക്രവാത ചുഴിയായി; കേരളത്തിലും മഴ കനക്കും

തിരുവനന്തപുരം: മാൻഡസ് സ്വാധീനത്തിൽ ഇന്നുൾപ്പെടെ മൂന്ന് ദിവസം കേരളത്തിൽ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. തമിഴ്നാട്ടിൽ കരതൊട്ട മാൻഡസ് ചുഴലിക്കാറ്റ് ദുർബലമായി ചക്രവാത ചുഴിയായി മാറിയതാണ് കേരളത്തിലെ കനത്ത മഴയ്ക്ക് കാരണം. നിലവിൽ, ഈ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാട് – തെക്കൻ കർണാടക, വടക്കൻ കേരളം എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്നു. വടക്കൻ കേരള-കർണാടക തീരം വഴി തെക്കുകിഴക്കൻ അറബിക്കടലിൽ പ്രവേശിച്ച് ഡിസംബർ 13 ഓടെ ന്യൂനമർദ്ദമായി ശക്തിപ്രാപിച്ച് ഇന്ത്യൻ തീരത്ത് നിന്ന് അകന്നുപോകാൻ സാധ്യതയുണ്ട്. ഇതിന്‍റെ ഫലമായി ഡിസംബർ 11 മുതൽ 13 വരെ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയാണ് പ്രവചിക്കുന്നത്. ഈ ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.