മോൻതാ ചുഴലിക്കാറ്റ്; കനത്ത മഴ തുടരും, 7 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് തൃശ്ശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ, റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റം ഉണ്ടായിരിക്കില്ല.
അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോൻതാ ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ തീവ്രചുഴലിക്കാറ്റായി ആന്ധ്രപ്രദേശിലെ കാക്കിനാടയിൽ കരയിൽ കടക്കും. കേരളത്തിൽ മഴയുടെ ശക്തി കുറയും. ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്. മോൻതാ ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുന്നത് അനുസരിച്ച് കേരളത്തിൽ മഴയുടെ ശക്തിയിൽ കുറവുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
