ബംഗാൾ ഉൾക്കടലില്‍ ചക്രവാതചുഴി; കേരളത്തിന് ആശങ്ക വേണ്ട
തിരുവനന്തപുരം: അറബിക്കടലില്‍ വടക്കൻ കേരള-കർണാടക തീരത്തുള്ള ന്യൂനമർദ്ദം ഇന്ത്യൻ തീരത്ത് നിന്ന് നീങ്ങി മറ്റന്നാളോടെ തീവ്ര ന്യുനമർദ്ദമാകും. വരും ദിവസങ്ങളിൽ കേരളത്തിൽ മഴ ദുർബലമായേക്കും. ഉച്ചകഴിഞ്ഞ് ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് മാത്രമേ സാധ്യതയുള്ളൂ എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെട്ടു. ഇത് വരും ദിവസങ്ങളിൽ ശക്തി പ്രാപിച്ച് ഇന്ത്യ-ശ്രീലങ്ക തീരത്തേക്ക് നീങ്ങാനാണ് സാധ്യത. കേരളത്തിൽ ചക്രവാതചുഴിയുടെ സ്വാധീനം പറയാറായിട്ടില്ല. അതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നും തെക്കൻ കേരളത്തിൽ സാധാരണ മഴയ്ക്ക് മാത്രമേ സാധ്യതയുള്ളൂവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.