സൈറസ് മിസ്ത്രിക്ക് തല, നെഞ്ച്, ആന്തരികാവയവങ്ങൾ എന്നിവടങ്ങളിൽ ഗുരുതര പരിക്ക്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

വാഹനാപകടത്തിൽ സൈറസ് മിസ്ത്രിയുടെ തലയ്ക്കും നെഞ്ചിനും ആന്തരികാവയവങ്ങൾക്കും ഗുരുതരമായി പരിക്കേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. സൈറസ് മിസ്ത്രി, ജഹാംഗീർ പാണ്ഡോല എന്നിവർക്ക് തലയ്ക്കും നെഞ്ചിനും ഏറ്റ പരിക്ക് മരണത്തിന് ഇടയാക്കുന്ന തരത്തിലുള്ള പരുക്കുകളാണെന്ന് ഡോക്ടർമാർ പറഞ്ഞു.

മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ നിന്ന് നിർത്തിയതാണ് കനത്ത ആഘാതത്തിന് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി അയയ്ക്കുമെന്നും അധികൃതർ അറിയിച്ചു. അപകടസ്ഥലത്തിന്‍റെ ഫോറൻസിക് പരിശോധനയും അപകടത്തിന്‍റെ ഡമ്മി പരിശോധനയും നടത്തുമെന്ന് പോലീസ് അറിയിച്ചു. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് മെഴ്സിഡസ് ബെൻസ് പറഞ്ഞു.

ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി ഈ മാസം നാലിനാണ് റോഡപകടത്തിൽ മരിച്ചത്. മുംബൈ-അഹമ്മദാബാദ് ഹൈവേയിലാണ് അപകടമുണ്ടായത്. വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം.