എയർഫോഴ്സ് ദിനത്തിൽ തിളങ്ങി ഡകോട്ട; മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സേനക്കായുള്ള സമ്മാനം

ഡൽഹി: ഇന്ത്യൻ എയർഫോഴ്സ് ദിനത്തിൽ തിളങ്ങി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഇന്ത്യൻ വ്യോമസേനക്ക് സമ്മാനിച്ച ഡകോട്ട വിമാനം. ശനിയാഴ്ച ചണ്ഡീഗഡിൽ നടന്ന 90-ാമത് ഇന്ത്യൻ വ്യോമസേനാ ദിനാഘോഷത്തിൽ വിന്‍റേജ് ഡക്കോട്ട ഡിസി3 വിപി 905 എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

2018 മെയ് മാസത്തിൽ മന്ത്രി രാജീവ് ചന്ദ്രശേഖർ തന്റെ പിതാവും മുൻ എയർ കമ്മഡോറുമായ എം കെ ചന്ദ്രശേഖറിനു വേണ്ടിയാണ് ഇന്ത്യൻ വ്യോമസേനയ്ക്ക് ഡക്കോട്ട സമ്മാനിച്ചത്. ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെടുത്തിയ ആദ്യ പ്രധാന വിമാനമാണ് ഡക്കോട്ട.

ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് തൊട്ടുപിന്നാലെ 1947-48ലെ ഇന്ത്യാ-പാക് യുദ്ധത്തിൽ ഡക്കോട്ട നിർണ്ണായക പങ്ക് വഹിച്ചു. 1947ൽ, കശ്മീരിലെ ഗോത്ര തീവ്രവാദികളുടെ ആക്രമണത്തിൽ നിന്ന് നഗരത്തെയും വിമാനത്താവളത്തെയും രക്ഷിക്കാൻ സായുധ സേനയെ ശ്രീനഗറിലേക്ക് കൊണ്ടുവന്നത് ഈ വിമാനത്തിലായിരുന്നു. 1947 ഒക്ടോബർ 27ന് മൂന്ന് ഡക്കോട്ട വിമാനങ്ങൾ സൈനികരുമായി ശ്രീനഗറിൽ ലാൻഡ് ചെയ്തു.