ദളിത് ക്രൈസ്തവ, മുസ്‌ലിങ്ങൾക്ക് പട്ടിക വിഭാഗ ആനുകൂല്യം നല്‍കാനാവില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ക്രൈസ്തവ, മുസ്‌ലിം മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത ദളിതര്‍ക്ക് പട്ടിക വിഭാഗക്കാര്‍ക്കുള്ള ആനുകൂല്യം നൽകാനാവില്ലെന്ന് കേന്ദ്രം. ദളിത് ഹിന്ദുക്കള്‍ അനുഭവിച്ചത് പോലെയുള്ള പീഡനങ്ങള്‍ ദളിത് ക്രൈസ്തവരും, മുസ്‌ലിങ്ങളും അനുഭവിച്ചതിന് വസ്തുതാപരമായ രേഖയില്ല. ദളിത് ക്രൈസ്തവര്‍ക്കും, മുസ്‌ലിങ്ങള്‍ക്കും ഇടയിൽ തൊട്ടുകൂടായ്മ പോലുള്ള സാമൂഹിക തിന്മകൾ ഇല്ലെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്രം പറയുന്നു.

നിലവിൽ ഹിന്ദു, ബുദ്ധ, സിഖ് സമുദായങ്ങളിൽപ്പെട്ട ദളിതര്‍ക്ക് മാത്രമാണ് പട്ടിക വിഭാഗക്കാര്‍ക്കുള്ള ആനുകൂല്യം ലഭിക്കുന്നത്. പട്ടിക വിഭാഗക്കാർക്ക് അവരുടെ പിന്നാക്കാവസ്ഥയും അവർക്കിടയിൽ നിലനിൽക്കുന്ന സാമൂഹിക തിന്മകളുടെ ചരിത്ര രേഖകളും പരിശോധിച്ച ശേഷമാണ് ആനുകൂല്യങ്ങൾ നൽകുന്നത്. തൊട്ടുകൂടായ്മ പോലുള്ള സാമൂഹിക തിന്മകളിൽ നിന്ന് മുക്തി നേടാനാണ് ദളിത് ഹിന്ദുക്കള്‍, ക്രൈസ്തവ, മുസ്‌ലിം മതങ്ങളിലേക്ക് മാറുന്നതെന്നും കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

ദളിത് ക്രൈസ്തവര്‍ക്കും മുസ്‌ലിങ്ങൾക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള 27 ശതമാനം സംവരണം ലഭിക്കാൻ അർഹതയുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ദേശീയ പിന്നാക്ക വിഭാഗ സാമ്പത്തിക വികസന കോർപ്പറേഷന്‍റെ വിവിധ പദ്ധതികൾക്കും സ്കോളർഷിപ്പുകൾക്കും അവർ അർഹരാണ്. ദളിത് ക്രിസ്ത്യാനികളെയും ദളിത് മുസ്‌ലിങ്ങളെയും പട്ടിക വിഭാഗത്തില്‍ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് പഠിക്കാൻ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. കമ്മീഷൻ റിപ്പോർട്ട് പുറത്തുവരുന്നതുവരെ കാത്തിരിക്കാൻ ഹർജിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.