റോഡുകളുടെ തകര്‍ച്ച; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: റോഡുകൾ തകർന്ന സംഭവത്തിൽ കൊച്ചി കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പിനുമെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. പശ ഒട്ടിച്ചാണോ റോഡ് നിർമ്മിച്ചതെന്ന് ഹൈക്കോടതി ചോദിച്ചു. കൊച്ചി നഗരത്തിലെ മിക്ക റോഡുകളും തകർന്നിരിക്കുകയാണ്. ഇതിന്‍റെ പ്രാഥമിക ഉത്തരവാദിത്തം എൻജിനീയർമാർക്കാണെന്നും അവരെ വിളിച്ചുവരുത്തുമെന്നും കോടതി പറഞ്ഞു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട ചില കേസുകൾ പരിഗണിക്കവെയാണ് കൊച്ചി കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പിനുമെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. നഗരത്തിലെ റോഡുകളും നടപ്പാതകളും നവീകരിച്ച് ശരിയായി പരിപാലിക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഇത് ലംഘിക്കപ്പെട്ടുവെന്നാണ് മനസിലാക്കുന്നത്. നഗരത്തിലെ നടപ്പാതകൾ അപകടാവസ്ഥയിലാണ്. നൂറുകണക്കിന് കാൽനടയാത്രക്കാർക്ക് ജീവൻ നഷ്ടമായി. കാൽനടയാത്രക്കാർക്ക് നടക്കാൻ പോലും നഗരത്തിൽ ശരിയായ സൗകര്യമില്ല. സിറ്റി പോലീസ് കമ്മീഷണറാണ് ഇത്തരം സംഭവങ്ങളുടെ ഉത്തരവാദിത്തം. അടുത്ത തവണ കേസ് പരിഗണിക്കുന്നതിന് മുമ്പ് കമ്മീഷണർ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി പറഞ്ഞു. കോർപ്പറേഷൻ സെക്രട്ടറിക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.