ഒരു കുത്ത് ധാരാളം; യുകെ തീരത്തടിഞ്ഞ് അപകടകാരികളായ ജെല്ലിഫിഷുകൾ

യുകെയിലെ വെൽഷ് തീരത്തടിഞ്ഞ് അപകടകാരികളായ ജെല്ലിഫിഷുകൾ. അവയുടെ കുത്തേറ്റാൽ കഠിനമായ വേദന ഉണ്ടാകും. ഗവേഷകരുടെ അഭിപ്രായത്തിൽ, ഉയർന്ന താപനിലയാണ് അവ കരയിലേക്ക് ഒഴുകാൻ കാരണം. ന്യൂപോർട്ട് ബീച്ചിലും പെമ്പ്രൂക്ക്ഷെയർ തീരത്തുമാണ് ഇവയെ കണ്ടെത്തിയത്. ബീച്ചിൽ എത്തുന്നവർ ഇത്തരം ജെല്ലിഫിഷുകളിൽ നിന്ന് അകലം പാലിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒട്ടും അഴുകാതെ ഏതാണ്ട് പൂര്‍ണരൂപത്തില്‍ തന്നെയാണ് ഈ ജെല്ലിഫിഷുകൾ കാണപ്പെടുന്നത്.

ഓറഞ്ച് നിറത്തിൽ തവിട്ട് നിറമുള്ള വരകളോടു കൂടിയവയും സുതാര്യമായ ശരീരത്തിൽ തവിട്ട് വരകളോടുകൂടിയവയും ഇവയിൽ ഉൾപ്പെടുന്നു. ഈ ജെല്ലിഫിഷുകൾ കോമ്പസ് ജെല്ലിഫിഷ് വിഭാഗത്തിൽ പെടുന്നു. അവയുടെ പുറത്ത് കാണപ്പെടുന്ന വി ആകൃതിയിലുള്ള തവിട്ട് വരകൾ കാരണമാണ് അവയ്ക്ക് കോമ്പസ് ജെല്ലിഫിഷ് എന്ന പേര് ലഭിച്ചത്. ചെറിയ ഞണ്ടുകളെയും മറ്റ് ജെല്ലിഫിഷുകളെയുമാണ് അവ ഭക്ഷിക്കുന്നത്.

ബ്രിട്ടീഷ് തീരത്ത് സാധാരണയായി കാണപ്പെടുന്ന ജെല്ലിഫിഷുകളുടെ ഒരു ഇനമാണ് കോപ്പസ് ജെല്ലിഫിഷ്. മെയ് മാസത്തിനും ഒക്ടോബറിനും ഇടയിലാണ് ഇവയെ സാധാരണയായി കാണുന്നത്. മനുഷ്യരെ സംബന്ധിച്ചിടത്തോളം, അവരുടെ കുത്തുകൾ വേദനാജനകമാണ്, പക്ഷേ മാരകമല്ല.