‘ഡല്‍ഹിയുടെ ദാവൂദ്’; നീരജ് ഭവാനയുടെ വീട്ടില്‍ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്ത് എന്‍.ഐ.എ

ന്യൂഡല്‍ഹി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് നീരജ് ഭാവനയുടെ വീട്ടിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ പണമിടപാടിന്റെ രേഖകളും ആയുധങ്ങളും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെടുത്തു. സെപ്റ്റംബർ 12ന് വടക്കൻ ഡൽഹിയിലെ നീരജിന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് പ്രധാന രേഖകളും ആയുധങ്ങളും പിടിച്ചെടുത്തത്. മറ്റുള്ളവരിൽ നിന്ന് പിടിച്ചെടുത്ത സ്വത്തുക്കളുടെ വിശദാംശങ്ങൾ, മറ്റു ഗുണ്ടകള്‍ക്ക് നല്‍കേണ്ട തുകയുടെ കണക്കുകള്‍, കിട്ടാനുള്ള പണത്തിന്റെ കണക്ക് തുടങ്ങിയ വിവരങ്ങളാണ് റെയ്ഡില്‍ കണ്ടെടുത്തത്. നീരജിന്റെ ഡയറിയില്‍നിന്ന് ചിലരുടെ വിലാസങ്ങളടക്കമുള്ള മറ്റുവിവരങ്ങളും കണ്ടെത്തി. ഇതിനു പുറമേ ചില ആത്മീയ പുസ്തകങ്ങളും മൊസാദ് അടക്കമുള്ള ഇന്റലിജന്‍സ് ഏജന്‍സികളെക്കുറിച്ചുള്ള പുസ്തകങ്ങളും റെയ്ഡില്‍ പിടിച്ചെടുത്തു. ‘ഡല്‍ഹിയുടെ ദാവൂദ്’ എന്ന പേരിലാണ് ഗുണ്ടാത്തലവനായ നീരജ് ഭവാന അറിയപ്പെടുന്നത്. അടുത്ത 60 ദിവസത്തേക്ക് ചെയ്യാനുള്ള കാര്യങ്ങൾ വരെ ഇയാള്‍ ഡയറിയില്‍ കുറിച്ചുവച്ചിരുന്നതായാണ് വിവരം. തടവിൽ കഴിയുന്ന ഗുണ്ടകളുടെ കുടുംബങ്ങള്‍ക്ക് നല്‍കാനുള്ള പണത്തിന്റെ വിവരങ്ങളും ഡയറിയിലുണ്ടായിരുന്നു.