ദയാബായിയെ വീണ്ടും ജനറൽ ആശുപത്രിയിലേക്ക് മാറ്റി പൊലീസ്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരത്തിലായിരുന്ന സാമൂഹിക പ്രവർത്തക ദയാബായിയെ വീണ്ടും ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ദയാബായി ക്ഷീണിതയാണെന്ന് സമരസമിതി അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി സെക്രട്ടേറിയറ്റിന് മുന്നിലാണ് ഇവർ സമരം ചെയ്യുന്നത്. സെക്രട്ടറിയറ്റിന് മുന്നിൽ ദയാബായിയുടെ അനിശ്ചിതകാല നിരാഹാര സമരം രണ്ടാഴ്ച പിന്നിട്ടിട്ടും ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് സംഘാടക സമിതി ചൊവ്വാഴ്ച ആരോഗ്യമന്ത്രിയുടെ വീട്ടിലേക്ക് ബഹുജന മാർച്ച് നടത്തും.

കാസർകോഡെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ മുന്നോട്ട് വരാത്തതിനാൽ എൻഡോസൾഫാൻ ദുരിതബാധിതരും അമ്മമാരും തലസ്ഥാനത്തെത്തും. ദയാബായിയെ മരണത്തിലേക്ക് തള്ളിവിടാൻ അനുവദിക്കില്ലെന്ന് സംഘാടക സമിതി അറിയിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ദയാബായിയെ രണ്ട് തവണ പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ദയാബായി വീണ്ടും സമരപ്പന്തലിലേക്ക് മടങ്ങിയിരുന്നു.

എൻഡോസൾഫാൻ ദുരിതബാധിതർക്കായി പഞ്ചായത്തുകളിൽ ഡേ കെയർ സെന്‍ററുകൾ സ്ഥാപിക്കുക, മെഡിക്കൽ കോളേജ് പൂര്‍ണ സജ്ജമാക്കുക, കാസർഗോഡിനെ എയിംസ് പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ദയാബായി നിരന്തരം ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ സമരം തുടരുമ്പോഴും സർക്കാർ കണ്ണടയ്ക്കുകയാണെന്ന് സമരസമിതി ആരോപിച്ചു.