ദയാബായിയുടെ നിരാഹാരം; ഉറപ്പ് വാഗ്ദാനമായി, പ്രതിഷേധം ശക്തമാക്കാൻ സമരസമിതി

തിരുവനന്തപുരം: എൻഡോസൾഫാൻ സമരം ശക്തമാക്കാനൊരുങ്ങുകയാണ് സമരസമിതി. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിൽ നിന്ന് പാളയം രക്തസാക്ഷി സ്മാരകത്തിലേക്കും തിരിച്ചും പ്രതിഷേധ പ്രകടനം നടത്തും. അടുത്ത ദിവസം ഞാനും ദയാബായിയോടൊപ്പം എന്ന പേരിൽ നിരാഹാരസമരം സംഘടിപ്പിക്കാനും പദ്ധതിയിടുന്നു. ഉപവാസത്തിൽ എല്ലാ ജനങ്ങളും പങ്കെടുക്കണമെന്ന് സമരസമിതി അഭ്യർത്ഥിച്ചു. ശനിയാഴ്ച ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് ബഹുജന മാർച്ച് നടത്താനും സമിതി തീരുമാനിച്ചിട്ടുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതരും മാർച്ചിൽ പങ്കെടുക്കും.

അതേസമയം, എൻഡോസൾഫാൻ സമരത്തിൽ സർക്കാർ നൽകിയ ഉറപ്പിൽ അവ്യക്തതയില്ലെന്നും ദയാബായിയും സമരസമിതിയും സമരത്തിൽ നിന്ന് പിൻമാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉറപ്പുകൾ മാറ്റിയെഴുതണമെന്ന ആവശ്യം തള്ളിയതോടെ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.

മന്ത്രിമാരായ വീണാ ജോർജുമായും ആർ ബിന്ദുവുമായും സമരസമിതി ചർച്ച നടത്തിയപ്പോൾ പല ഉറപ്പുകളും നൽകിയെങ്കിലും ഇക്കാര്യങ്ങൾ രേഖാമൂലം നൽകിയപ്പോൾ എല്ലാ ആവശ്യങ്ങളും പരിഗണിക്കാമെന്ന് മാത്രമാക്കിയിരുന്നു. ഇതോടെയാണ് സമരസമിതി വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്.  മാറ്റി നൽകിയ ഒറ്റപ്പേജുള്ള മിനുറ്റ്സിൽ മന്ത്രിമാരുടെ ഒപ്പ് മാത്രമിട്ട് മടക്കി അയച്ചതിലും സമരസമിതിക്ക് അമര്‍ഷമുണ്ട്. പറഞ്ഞ ഉറപ്പുകൾ ലംഘിച്ച സര്‍ക്കാരിന്‍റേത് വഞ്ചനയാണെന്ന് സമിതി പറഞ്ഞു.