രണ്ടാഴ്ചയായി തുടരുന്ന ദയാബായിയുടെ നിരാഹാര സമരം; ഒടുവിൽ ചർച്ച നടത്താൻ സർക്കാർ
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണം എന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന ദയാബായിയുമായി ചർച്ച നടത്താൻ സർക്കാർ. ഉച്ചയ്ക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ് ദയാബായിയുമായി കൂടിക്കാഴ്ച നടത്തും. സമരം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴാണ്, സർക്കാർ ചർച്ചയ്ക്ക് തയ്യാറാവുന്നത്. പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയാൽ ദയാബായി സമരം അവസാനിപ്പിക്കും.
82 കാരിയായ ദയാബായി, വളരെ ക്ഷീണിതയാണെങ്കിലും, പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താതെ പിൻമാറില്ലെന്ന നിലപാടിലാണ്. ശാരീരിക ക്ഷീണം കാര്യമാക്കാതെയാണ് സമരം തുടരുന്നത്. റോഡരികിൽ തറയിലാണ് കിടക്കുന്നത്. നിരാഹാര സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെട്ടില്ലെങ്കിൽ സമരം ഏറ്റെടുക്കുമെന്ന് ദയാബായിയെ പിന്തുണച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ മാർച്ചിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. എല്ലാ ജില്ലകളിലും യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തുമെന്നും സതീശൻ പറഞ്ഞു.
കാസർകോട് ജില്ലാ ആശുപത്രിയിൽ ചികിത്സാ സൗകര്യങ്ങൾ പരിമിതമാണ്. ലോക്ക് ഡൗൺ കാലത്ത് അതിർത്തി അടച്ചതിനെ തുടർന്ന് കൃത്യമായ ചികിത്സ ലഭിക്കാതെ 20 പേരാണ് മരിച്ചത്. ജില്ലയിലെ ആശുപത്രികളിൽ മതിയായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കണമെന്നാണ് ആവശ്യം. ഇത് പരിഹരിക്കാൻ കഴിയുന്ന ഒരു പ്രശ്നമാണ്. എന്തെങ്കിലും കാണിച്ച് സമരം അവസാനിപ്പിക്കാമെന്ന് സർക്കാർ വിചാരിച്ചാൽ അത് നടക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു.