പേ വിഷ പ്രതിരോധ കുത്തിവെപ്പെടുത്തിട്ടും മരണം; വിദഗ്ധ പഠനം നടത്തണമെന്ന് ആരോഗ്യ വിദഗ്ധർ

കോഴിക്കോട്: പേവിഷബാധയ്ക്കെതിരെ ശരിയായി പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും മരണങ്ങൾ തുടരുന്നതിനാൽ ഇതേക്കുറിച്ച് വിദഗ്ധ പഠനം നടത്തണമെന്ന് ആരോഗ്യ വിദഗ്ധർ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വാക്സിൻ സ്വീകരിച്ച മൂന്ന് പേരാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ മരിച്ചത്. തൃശ്ശൂരില്‍ ഒരു പോസ്റ്റ് വുമണും പാലക്കാട് കോളേജ് വിദ്യാര്‍ഥിയും കോഴിക്കോട് പേരാമ്പ്ര കൂത്താളിയില്‍ വീട്ടമ്മയുമാണ് മരിച്ചത്. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് മൂന്ന് മരണങ്ങളും സംഭവിച്ചത്.

വാക്സിനേഷനു ശേഷമുള്ള മരണങ്ങൾ സമീപകാലത്തൊന്നും കേരളത്തിൽ കേട്ടിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. വാക്സിന്‍റെ ഗുണനിലവാരമില്ലായ്മയോ സംഭരണത്തിലെ പ്രശ്നമോ കുത്തിവയ്പ്പിലെ പിശകോ എന്താണ് കാരണം എന്ന് ഇതുവരെ വിശദമായി പരിശോധിച്ചിട്ടില്ല. അതിനാൽ, ഗൗരവമായ പഠനം നടത്താൻ പൊതുജനാരോഗ്യ വിദഗ്ദ്ധനും മൈക്രോബയോളജിസ്റ്റും ഉൾപ്പെടുന്ന വിദഗ്ദ്ധരുടെ ഒരു സമിതി രൂപീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.