പേ വിഷബാധ മരണം; വാക്‌സിൻ ഫലപ്രാപ്തിയും വീഴ്ചകളും പരിശോധിക്കും

തിരുവനന്തപുരം: പേവിഷബാധയേറ്റ് മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ വാക്സിന്‍റെ ഫലപ്രാപ്തിയും സംസ്ഥാനത്തെ വാക്സിനേഷൻ രീതികളും വിദഗ്ധ സമിതി സമഗ്രമായി പരിശോധിക്കും. വാക്സിനേഷൻ നയം അവലോകനം ചെയ്യാനും ആവശ്യമെങ്കിൽ പരിഷ്കരണത്തിനുള്ള ശുപാർശ സമർപ്പിക്കാനും സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമയബന്ധിതമായി വാക്സിൻ നൽകുന്നതിൽ ആരോഗ്യ സ്ഥാപനങ്ങൾക്കോ ജീവനക്കാർക്കോ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും റിപ്പോർട്ട് തേടിയിട്ടുണ്ട്.

സംസ്ഥാനത്ത് ഒരുവർഷത്തിനിടെ ഇരുപതിലധികം പേർ നായ കടിയേറ്റു മരിച്ചിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.തോമസ് മാത്യുവിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയെ കേസ് അന്വേഷിക്കാൻ നിയോഗിച്ചു. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പേവിഷബാധ മൂലമുള്ള മരണനിരക്ക് വർദ്ധിച്ചതിന് വാക്സിന്‍റെ ഫലപ്രാപ്തിയെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. വൈറസിന്‍റെ ജനിതക വ്യതിയാനം, കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെല്ലാം വിലയിരുത്തേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.