മഹ്സ അമീനിയുടെ മരണം; പ്രതിഷേധം കനക്കുന്നു, ഇന്റർനെറ്റിന് നിയന്ത്രണം

ടെഹ്റാൻ: ഇറാൻ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ മഹ്സ അമീനിയുടെ മരണത്തെ തുടർന്ന് ആരംഭിച്ച പ്രതിഷേധം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഇറാൻ അധികൃതരും കുർദിഷ് ഗ്രൂപ്പും പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം രാജ്യത്തുടനീളം വ്യാപിച്ച പ്രതിഷേധങ്ങളിൽ മരണസംഖ്യ ഉയരുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാല് പേർ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക കണക്കുകൾ പ്രകാരം മരണസംഖ്യ എട്ടായി ഉയർന്നു. മരിച്ചവരിൽ പോലീസും സൈനികനും ഉൾപ്പെടുന്നു.

ശിരോവസ്‍ത്രം ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ചാണ് മഹ്സ അമീനിയെ കസ്റ്റഡിയിലെടുത്തത്. ഗുരുതരാവസ്ഥയിലായ ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ച് മസ്തിഷ്ക മരണം സംഭവിച്ച് കോമ അവസ്ഥയിലാവുകയും പിന്നാലെ മരണപ്പെടുകയുമായിരുന്നു. മഹ്സയുടെ മരണ ശേഷം കുർദിഷ് ജനവാസ മേഖലകളിൽ ആരംഭിച്ച പ്രതിഷേധം 50 ലധികം നഗരങ്ങളിലേക്കും രാജ്യത്തുടനീളവും വ്യാപിച്ചു. പ്രതിഷേധം ശക്തമായതോടെ ഇന്‍റർനെറ്റ് ബന്ധം നിയന്ത്രിച്ചിരിക്കുകയാണ്. 

ഇറാനിൽ പൊതുവെ അനുവദനീയമായ ഇൻസ്റ്റഗ്രാം നിരോധിച്ചതായി ചില റിപ്പോർട്ടുകൾ പറയുന്നു. ചില മൊബൈൽ കണക്ഷനുകളും നിരോധിച്ചിട്ടുണ്ട്. 2019 നവംബറിലെ കലാപത്തിന് ശേഷം ഇറാനിൽ നടക്കുന്ന ഏറ്റവും വലിയ ഇന്‍റർനെറ്റ് നിരോധനമാണിതെന്നാണ് റിപ്പോർട്ടുകൾ. വാട്ട്സ്ആപ്പ് ഉപയോക്താക്കൾ ടെക്സ്റ്റ് അയയ്ക്കാൻ മാത്രമേ കഴിയുന്നുള്ളൂവെന്നും ചിത്രങ്ങൾ പങ്കിടാൻ കഴിയില്ലെന്നും പറയുന്നു.