നിദ ഫാത്തിമയുടെ മരണം; ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി എ എം ആരിഫ്

ദില്ലി: ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്പൂരിലെത്തിയ മലയാളി അത്ലറ്റ് നിദ ഫാത്തിമയുടെ (10) മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഇടത് എം.പി എ.എം ആരിഫാണ് ലോക്സഭയിൽ നോട്ടീസ് നൽകിയത്. ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് നാഗ്പൂരിലെത്തിയ നിദ ഇന്നലെയാണ് മരിച്ചത്.

കേരള സൈക്കിൾ പോളോ അസോസിയേഷനും സൈക്കിൾ പോളോ ഫെഡറേഷൻ ഓഫ് ഇന്ത്യയും തമ്മിലുള്ള മത്സരമാണ് നാഗ്പൂരിൽ മലയാളി താരം നിദ ഫാത്തിമയുടെ ജീവനെടുത്തത്. ദേശീയ ഫെഡറേഷന്‍റെ അംഗീകാരമില്ലാത്തതിനാൽ നാഗ്പൂരിലെ കളിക്കാർക്ക് ദേശീയ ഫെഡറേഷൻ താമസസൗകര്യവും ഭക്ഷണവും നൽകിയില്ല.

നിദാ ഫാത്തിമ ഉൾപ്പെടെ കേരള സൈക്കിൾ പോളോ അസോസിയേഷനിലെ 24 താരങ്ങൾ കേരള സ്പോർട്സ് കൗൺസിലിന്‍റെ അംഗീകാരവും സാമ്പത്തിക സഹായവുമായാണ് നാഗ്പൂരിലെത്തിയത്. എന്നിരുന്നാലും, സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയ്ക്കാണ് സൈക്കിൾ പോളോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരം. ഇക്കാരണത്താലാണ് കേരളത്തിൽ നിന്നുള്ള സംഘത്തിന് അവഗണന നേരിടേണ്ടി വന്നത്.