‘ക്രിമിനല്‍ വാഹന’ങ്ങള്‍ക്കും വധശിക്ഷ: പൊളിച്ച് നീക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നു

സംസ്ഥാനത്ത് ‘ക്രിമിനല്‍ വാഹന’ങ്ങള്‍ക്കും വധശിക്ഷ’. കുറ്റകൃത്യത്തിൽ ഉള്‍പ്പെടുന്ന വാഹനങ്ങൾ പൊളിക്കാനുള്ള നടപടികൾ ആരംഭിക്കുന്നു. തൃശൂരിലെ ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ നിഷാമിന്‍റെ ഹമ്മര്‍ എന്ന ആഡംബര എസ്.യു.വിയായിരിക്കും ആദ്യം പൊളിക്കുകയെന്നാണ് റിപ്പോര്‍ട്ട്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങൾ പൊളിക്കുന്നതിന്‍റെ ഭാഗമായി രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടുന്ന ആദ്യ വാഹനമാണ് നിഷാമിന്‍റെ ഹമ്മർ എന്നാണ് റിപ്പോർട്ടുകൾ.

വാഹനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കിയാൽ കോടതിയുടെ അനുമതിയോടെ വാഹനം പൊളിക്കാൻ വേദിയൊരുക്കും. ഒരു കോടിയിലധികം രൂപ വിലവരുന്ന വാഹനം വർഷങ്ങളായി തൃശൂർ പേരാമംഗലം പൊലീസ് സ്റ്റേഷനിലാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച വാഹനങ്ങളുടെ വിശദാംശങ്ങൾ നൽകാൻ മോട്ടോർ വാഹന വകുപ്പ് ഡി.ജി.പി അനിൽ കാന്ത് മിശ്രയ്ക്ക് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്.

2015 ജനുവരിയിലാണ് കൊലപാതകം നടന്നത്. പുലർച്ചെ മൂന്ന് മണിയോടെ നിഷാം വാഹനവുമായി എത്തിയപ്പോൾ ഗേറ്റ് തുറക്കാൻ വൈകിയെന്നാരോപിച്ച് സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ തന്‍റെ ആഢംബര എസ്.യു.വിയായ ഹമ്മർ ഉപയോഗിച്ച് ഇടിച്ചുവീഴ്ത്തുകയായിരുന്നു. നിഷാമിന് 24 വർഷം കഠിനതടവും 80.30 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.