വധഭീഷണി: തോക്കിനു പിന്നാലെ, ലാൻഡ് ക്രൂസർ ബുള്ളറ്റ് പ്രൂഫാക്കി സൽമാൻ ഖാൻ

വധഭീഷണിയെ തുടർന്ന് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ തന്റെ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസമാണ് താരം തോക്ക് ലൈസൻസ് നേടിയത്. ഇപ്പോൾ യാത്ര ചെയ്യാൻ ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങിയിരിക്കുകയാണ് താരം. ടൊയോട്ടയുടെ ലാൻഡ് ക്രൂയിസറാണ് അദ്ദേഹം ബുള്ളറ്റ് പ്രൂഫ് ആക്കി മാറ്റിയത്. 

പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെവാല വെടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് സൽമാൻ ഖാനും പിതാവിനും നേരെ വധഭീഷണി ഉയർന്നത്. “മൂസെവാലയുടെ ഗതി നിങ്ങള്‍ക്കമുണ്ടാവും” കത്തിൽ പറഞ്ഞു. വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മൂസെവാലയെ അക്രമികൾ തടഞ്ഞുനിർത്തി വെടിവയ്ക്കുകയായിരുന്നു. ഇതോടെയാണ് താരം ബുള്ളറ്റ് പ്രൂഫ് വാഹനത്തിലേക്ക് മാറിയത്

ബിഎം‍ഡബ്ല്യു, ബെൻസ്, ലാൻഡ് റോവർ തുടങ്ങിയ നിർമാതാക്കളെപ്പോലെ ടൊയോട്ട കവചിതവാഹനങ്ങൾ നിർമിക്കുന്നില്ല. ഉപഭോക്താക്കൾ സ്വന്തം നിലയ്ക്ക് സുരക്ഷ നൽകുന്നതാണു പതിവ്. സൽമാൻ ഖാനും തന്‍റെ ലാൻഡ് ക്രൂയിസറിനെ ബുള്ളറ്റ് പ്രൂഫ് ആക്കി മാറ്റുകയാണ് ചെയ്തത്. 2017 ൽ രജിസ്റ്റർ ചെയ്ത വാഹനത്തിന് ഏകദേശം 1.5 കോടി രൂപയാണ് വില. വാഹനത്തിന്‍റെ എല്ലാ ജനലുകളും ബോഡിയും ബുള്ളറ്റ് പ്രൂഫാക്കി മാറ്റിയിട്ടുണ്ട്. കട്ടിയുള്ള ഗ്ലാസുകളും ബോഡി പാനലുകളും നൽകുന്നതിലൂടെ, വാഹനത്തിലുള്ളവരെ വെടിവയ്പ്പിൽ നിന്നും ഗ്രനേഡ് ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.