ഓണസദ്യ വലിച്ചെറിഞ്ഞവർക്കെതിരായ നടപടി പിന്‍വലിക്കാൻ തീരുമാനം
തിരുവനന്തപുരം: പ്രതിഷേധത്തിന്‍റെ ഭാഗമായി ഓണസദ്യ ചവറ്റുകുട്ടയിലിട്ട ശുചീകരണത്തൊഴിലാളികൾക്കെതിരായ നടപടി പിൻവലിക്കും. സി.പി.എം നേതൃത്വവുമായി മേയർ നടത്തിയ ചർച്ചയെ തുടർന്ന് ഏഴ് സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും 4 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തത് റദ്ദാക്കി. സമരക്കാരെ പിരിച്ചു വിടുന്നത് പാർട്ടിയുടെ നയമല്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വ്യക്തമാക്കിയിരുന്നു.
അന്വേഷണത്തിന്‍റെ ഭാഗമാണ് സസ്പെൻഷൻ എന്നും നടപടിയല്ലെന്നും മേയർ പറഞ്ഞു. നടപടിയെടുക്കേണ്ടവരാണ് തൊഴിലാളികൾ എന്നു കരുതുന്നില്ല. പരിഗണിച്ച ശേഷം തുടർനടപടികൾ ഭരണസമിതി തീരുമാനിക്കും. പാർട്ടിയെ അറിയിക്കേണ്ട കാര്യങ്ങൾ അറിയിക്കും. ജീവനക്കാരോട് വിശദീകരണം തേടി. അവ്യക്തത മൂലമാണ് സസ്പെൻഷനും പിരിച്ചുവിടലും നടന്നത്. ജീവനക്കാർ തെറ്റ് ചെയ്താൽ ജാതിയുടെയോ മതത്തിന്‍റെയോ അടിസ്ഥാനത്തിലല്ല നടപടി എടുക്കുന്നതെന്നും മേയർ പറഞ്ഞു.
നഗരസഭയിലെ ചാല സർക്കിളിൽ ഓണാഘോഷത്തിനായി ജീവനക്കാർക്ക് നൽകിയ ഓണസദ്യ സമരത്തിന്‍റെ പേരിൽ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഭക്ഷണത്തോട് കാണിക്കുന്ന അങ്ങേയറ്റം നിന്ദ്യമായ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് മേയർ പറഞ്ഞു. ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും അനുവദനീയമാണ്. എന്നാൽ, ഭക്ഷണം മാലിന്യത്തിൽ വലിച്ചെറിഞ്ഞുകൊണ്ടുള്ള ഏത് സമരവും പൊതുസമൂഹത്തോടും ഒരു നേരത്തെ ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്നവർക്കും നേരെ നടത്തുന്ന വെല്ലുവിളിയായി മാത്രമേ കാണാൻ സാധിക്കൂ എന്നും അച്ചടക്ക നടപടി പ്രഖ്യാപിച്ചുകൊണ്ട് മേയർ സമൂഹ മാധ്യമത്തിലെ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.