മാനനഷ്ടക്കേസ്; അച്യുതാനന്ദന് ഉമ്മൻചാണ്ടി കോടതി ചെലവ് നൽകണമെന്ന് ജില്ലാ കോടതി

തിരുവനന്തപുരം: മാനനഷ്ടക്കേസിൽ വി.എസ് അച്യുതാനന്ദന് ഉമ്മൻചാണ്ടി കോടതി ചെലവ് നൽകണമെന്ന് തിരുവനന്തപുരം ജില്ലാ കോടതി. ഉമ്മൻചാണ്ടിക്ക് അനുകൂലമായ സബ് കോടതി വിധിയെ അസ്ഥിരപ്പെടുത്തിയ വിധിയിലാണ് കോടതി ചെലവ് വഹിക്കാൻ ഉമ്മൻചാണ്ടിക്ക് നിർദേശം നൽകിയിരിക്കുന്നത്. ഉമ്മൻചാണ്ടി നൽകിയ മാനനഷ്ടക്കേസിൽ സബ് കോടതി അനുകൂല വിധി പുറപ്പെടുവിച്ചിരുന്നു. 10 ലക്ഷം രൂപ വി എസ് നഷ്ടപരിഹാരം നൽകണമെന്നായിരുന്നു വിധി. ഈ വിധിക്കെതിരെ വിഎസ് ജില്ലാ കോടതിയിൽ അപ്പീൽ നൽകിയിരുന്നു. സബ് കോടതി വിധി ജില്ലാ കോടതി അസ്ഥിരപ്പെടുത്തിയിരുന്നു. ഈ വിധിയുടെ പകർപ്പിൽ വിഎസിന്‍റെ കോടതിച്ചെലവും ഉമ്മൻചാണ്ടി വഹിക്കണമെന്ന് പറഞ്ഞിട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ നടത്തിയ പരാമർശങ്ങൾ അപകീർത്തികരമാണെന്ന കേസിൽ സബ് കോടതി ഉത്തരവിനെതിരെയാണ് വിഎസ് തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചത്. 10 ലക്ഷം രൂപയും 10,000 രൂപയും നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. സോളാർ കമ്പനിക്ക് പിന്നിൽ ഉമ്മൻചാണ്ടിയാണെന്നും സരിതാ നായരെ മുന്നിൽ നിർത്തി ഉമ്മൻചാണ്ടി കോടികളുടെ തട്ടിപ്പ് നടത്തിയെന്നും 2013 ജൂലൈ ആറിന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അച്യുതാനന്ദൻ പറഞ്ഞതിനെതിരായിരുന്നു കേസ്. അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ കോടതിയിൽ തെളിയിക്കാൻ കഴിയാത്തതിനെ തുടർന്നാണ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. സബ് കോടതി മുതൽ സുപ്രീം കോടതി വരെ വിവിധ കേസുകൾ കൈകാര്യം ചെയ്ത പരിചയമുള്ള വിഎസിന് ഇത് തിരിച്ചടിയായിരുന്നു.

വിഎസിനെ പിന്തുണയ്ക്കുന്നവരെയും വിധി പ്രതിരോധത്തിലാക്കിയിരുന്നു. അസുഖബാധിതനായതിനാൽ വിഎസിന് നേരിട്ട് ഹാജരായി നിലപാട് അറിയിക്കാൻ കഴിഞ്ഞില്ല. അഭിമുഖത്തിന്‍റെ യഥാർത്ഥ പകർപ്പ് കോടതിയിൽ ഹാജരാക്കാൻ ഉമ്മൻചാണ്ടിക്കും കഴിഞ്ഞില്ല. . വി.എസിന് വേണ്ടി കേസ് വാദിക്കുന്ന ചെറുന്നിയൂർ ശശിധരൻ നായരാണ് കേസിൽ ഹാജരായത്. 2014ലാണ് ഉമ്മൻചാണ്ടി കേസ് ഫയൽ ചെയ്തത്. കേസിൽ വർഷങ്ങൾ നീണ്ട വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി വന്നത്.