ഹൈഡ്രോളിക് സിസ്റ്റത്തിൽ തകരാർ; എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറക്കി

മുംബൈ: സാങ്കേതിക തകരാറിനെ തുടർന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ വിമാനം മുംബൈയിൽ ലാൻഡ് ചെയ്തു. ഹൈദരാബാദിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ 143 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എയർ ഇന്ത്യയുടെ എ 320 വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്.

ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ കാരണം വിമാനം മുംബൈയിലേക്ക് തിരിച്ച് വിടുകയായിരുന്നു. വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണെന്നും തകരാർ പരിഹരിച്ച ശേഷം യാത്രക്കാരുമായി ഇതേ വിമാനം ദുബായിലേക്ക് പുറപ്പെട്ടതായും എഎൻഐ റിപ്പോർട്ട് ചെയ്തു. 

വിമാനത്തിനുള്ളിൽ പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദുബായിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയിരുന്നു. ശനിയാഴ്ച പുലർച്ചെ 2.20ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനത്തിലാണ് പാമ്പിനെ കണ്ടത്. യാത്രക്കാർ വിമാനത്തിൽ കയറുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. ഇതോടെ എല്ലാ യാത്രക്കാരെയും തിരിച്ചിറക്കിയിരുന്നു. എങ്ങനെയാണ് പാമ്പ് വിമാനത്തിൽ കയറിയതെന്ന് വ്യക്തമായിട്ടില്ല.