പിഎഫ്ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാന്‍ വൈകി; ക്ഷമ ചോദിച്ച് സർക്കാർ

കൊച്ചി: കോടിക്കണക്കിന് രൂപയുടെ പൊതുമുതൽ നശിപ്പിച്ച പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ വൈകിയതിൽ സർക്കാർ നിരുപാധികം മാപ്പ് പറഞ്ഞു. ആഭ്യന്തര സെക്രട്ടറി കോടതിയിൽ ഹാജരായി ക്ഷമാപണം നടത്തി. റവന്യൂ റിക്കവറി നടപടികൾ ജനുവരി 15 നകം പൂർത്തിയാക്കുമെന്ന് കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം കോടതി ഫയലിൽ സ്വീകരിച്ചു.

പൊതുമുതൽ നശിപ്പിച്ച കേസിലെ പ്രതിയായ അബ്ദുൾ സത്താറിനെ വീഡിയോ കോൺഫറൻസിംഗ് വഴി കോടതിയിൽ ഹാജരാക്കും. ഹർജി ജനുവരി 17ന് പരിഗണിക്കാനായി മാറ്റി. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിലും ഓഫീസുകളിലും എൻഐഎയും ഇഡിയും രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ചായിരുന്നു പോപ്പുലർ ഫ്രണ്ടിന്‍റെ ഹർത്താൽ.

സംഭവത്തിൽ 5.20 കോടി രൂപയുടെ നഷ്ടമുണ്ടായതായി സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് റവന്യൂ റിക്കവറിയിലൂടെ ഈ നഷ്ടം തിരിച്ചുപിടിക്കാൻ കോടതി ഉത്തരവിട്ടത്. എന്നാൽ ഇക്കാര്യത്തിൽ സർക്കാരിന്റെ അലംഭാവത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. തുക വീണ്ടെടുക്കുന്നതിനുള്ള സമയപരിധി ജനുവരി 31ന് ശേഷം നീട്ടാൻ കഴിയില്ലെന്നും സ്വീകരിച്ച നടപടികളെക്കുറിച്ച് ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി നേരിട്ട് അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.