Latestദേശീയം

ഡൽഹിയിൽ വായുനില ​ഗുരുതരം; വാഹനങ്ങൾക്ക് വിലക്ക്, നവംബർ മുതൽ നിയന്ത്രണം

ന്യൂഡൽഹി: ഡൽഹിയിലെ വായുനില ​ഗുരുതരമായി തുടരുന്നതിനാൽ വീണ്ടും വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. സംസ്ഥാനത്തിനു പുറത്തു റജിസ്റ്റർ ചെയ്തതും ബിഎസ് 6 നിലവാരത്തിനു താഴെയുള്ളതുമായ വാഹനങ്ങൾക്കു നവംബർ ഒന്നുമുതൽ ഡൽഹിയിലേക്കു പ്രവേശനം നൽകില്ല. ചരക്കുവാഹനങ്ങൾക്കു മാത്രമാണ് ആദ്യഘട്ടത്തിൽ നിയന്ത്രണങ്ങൾ. സംസ്ഥാനത്തു വായു മലിനീകരണം ഉയരുന്ന സാഹചര്യത്തിലാണു നിയന്ത്രണം.

ഡൽഹിയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള വാണിജ്യ ചരക്ക് വാഹനങ്ങൾ, ബിഎസ് 6 പാലിക്കുന്ന ഡീസൽ വാഹനങ്ങൾ, സിഎൻജി, എൽഎൻജി അല്ലെങ്കിൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്നവയുടെ പ്രവേശനത്തിനു നിയന്ത്രണങ്ങളില്ല. ബിഎസ് 4 പാലിക്കുന്ന ഡീസൽ വാഹനങ്ങൾക്ക് 2026 ഒക്ടോബർ 31 വരെ മാത്രമേ അനുമതിയുള്ളൂ. കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് (സിഎക്യുഎം) യോഗതീരുമാന പ്രകാരമാണു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

എന്താണ് ബിഎസ്?

വാഹന എൻജിനിൽ നിന്നും ബഹിർഗമിക്കുന്ന മലിനീകരണ വായുവിന്റെ അളവ് നിയന്ത്രിക്കുന്നതിനു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനമാണു ഭാരത് സ്റ്റേജ് എമിഷൻ സ്റ്റാൻഡേഡ് (ബിഎസ്). പെട്രോൾ-ഡീസൽ വാഹനങ്ങൾ പുറം തള്ളുന്ന പുകയിൽ അടങ്ങിയ കാർബൺ മോണോക്‌സൈഡ്, നൈട്രജൻ ഓക്‌സൈഡ്, ഹൈഡ്രോ കാർബൺ തുടങ്ങിയ വിഷ പദാർഥങ്ങളുടെ അളവ് സംബന്ധിച്ച മാനദണ്ഡമാണ് ഭാരത് സ്റ്റേജ്. ഘട്ടം ഘട്ടമായാണു നിലവാര പരിധി നടപ്പാക്കുക. ബിഎസ് 1ൽ തുടങ്ങി നിലവിൽ ഇത് ബിഎസ് 6ൽ എത്തി നിൽക്കുന്നു. ബിഎസ് 4നെ അപേക്ഷിച്ചു പത്തിലൊന്നു മലിനീകരണം മാത്രമേ ബിഎസ് 6 വാഹനങ്ങൾ ഉണ്ടാക്കുന്നുള്ളൂ.