ജലീലിനെതിരെയുള്ള ഹർജി നാളെ ഡൽഹി ഹൈക്കോടതി പരിഗണിക്കും

ദില്ലി: കശ്മീർ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ മുൻ മന്ത്രി കെ.ടി ജലീലിനെതിരായ ഹർജി ഡൽഹി കോടതി ഇന്ന് പരിഗണിക്കും. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കേരളത്തിലെ നിയമപ്രക്രിയയിൽ വിശ്വാസമില്ലെന്നും ഹർജിയിൽ ഹർജിക്കാരൻ വിശദീകരിച്ചിട്ടുണ്ട്. അഭിഭാഷകനായ ജി എസ് മണിയാണ് ഹർജി നൽകിയത്.

ജി.എസ്. മണി നൽകിയ പരാതിയിൽ ജലീലിനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് ഡൽഹി പൊലീസ് നേരത്തെ നിയമോപദേശം തേടിയിരുന്നു. ജലീലിനെതിരായ പരാതി ഡൽഹി പൊലീസ് അന്വേഷണത്തിനായി സൈബർ ക്രൈം വിഭാഗമായ ഐഎഫ്എസ്ഒയ്ക്ക് കൈമാറി. വിവാദ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരിൽ കെ.ടി ജലീലിനെതിരെ പത്തനംതിട്ട കീഴ്വായ്പൂർ പൊലീസും കേസെടുത്തിരുന്നു.

കീഴ്വായ്പൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കെ.ടി ജലീലിനെതിരെ രണ്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കൽ, പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് എന്നിവയാണ് വകുപ്പുകൾ.