ലോകത്തെ ഏറ്റവും മലിനീകൃതമായ പത്ത് നഗരങ്ങളില്‍ ഇത്തവണ ഡൽഹിയില്ലെന്ന് കേജ്രിവാള്‍

ഡൽഹി: മലിനീകരണം തടയാനുള്ള ഡൽഹി സർക്കാരിന്റെ ശ്രമങ്ങൾ ഫലം കണ്ടുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ഏഷ്യയിലെ ഏറ്റവും മലിനമായ 10 നഗരങ്ങളിൽ ഡൽഹിയുടെ പേരില്ലെന്ന് ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. ഏഷ്യയിലെ ഏറ്റവും മലിനമായ 10 നഗരങ്ങളിൽ എട്ടെണ്ണം ഇന്ത്യൻ നഗരങ്ങളാണെങ്കിലും ഡൽഹി അതിൽ ഇല്ലെന്നും കേജ്രിവാള്‍ പറഞ്ഞു.

ഏതാനും വർഷങ്ങൾക്ക് മുമ്പ് ഈ പട്ടികയിലെ ആദ്യ നഗരമായിരുന്നു ഡൽഹിയെന്നും കേജ്രിവാള്‍ പറഞ്ഞു. എന്നാൽ ഇത് ആവർത്തിക്കില്ലെന്നും അതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും, ലക്ഷ്യത്തിലേക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന് എനിക്ക് ബോധ്യമുണ്ടെന്നും കേജ്രിവാള്‍ പറഞ്ഞു.

“ഡൽഹിയിലെ ജനങ്ങൾ വളരെയധികം പരിശ്രമിക്കുകയാണ്. അതിനനുസരിച്ച് മാറ്റങ്ങളുണ്ട്. എന്നിരുന്നാലും, ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിലേക്ക് എത്തുന്നതുവരെ ആ ശ്രമം തുടരും. ഡൽഹി സർക്കാരിന്റെയും ഡൽഹിയിലെ ജനങ്ങളുടെയും നിരന്തര പരിശ്രമത്തിന്‍റെ ഫലമായി മലിനീകരണം കുറയുകയാണ്.” -കേജ്രിവാള്‍ പറഞ്ഞു

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ (ഐഎംഡി) കണക്കനുസരിച്ച്, ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം വളരെ കുറവാണ്. ദീപാവലി സമയത്ത് പടക്കം പൊട്ടിക്കുന്നത് കണക്കിലെടുത്താണ് ഈ നിരീക്ഷണം. ഞായറാഴ്ച വൈകുന്നേരത്തോടെ വായുവിന്‍റെ ഗുണനിലവാരം ഏറ്റവും താഴ്ന്ന നിലയിലെത്തി.