രാജ്യതലസ്ഥാനത്ത് പ്രതിഷേധിച്ച കോൺഗ്രസ് നേതാവിനെ മുടിയില്‍ കുത്തിപ്പിടിച്ച് ഡല്‍ഹി പോലീസ്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രതിഷേധിച്ച കോൺഗ്രസ് നേതാവിനെ വലിച്ചിഴച്ച് ഡൽഹി പോലീസ്. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ശ്രീനിവാസ് ബി.വിയെ ഡൽഹി പോലീസ് തലമുടിയിൽ കുത്തിപ്പിടിച്ച് പോലീസ് വാഹനത്തിൽ തള്ളിക്കയറ്റുകയായിരുന്നു.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനു വിലക്കയറ്റത്തിനും എതിരെ കോൺഗ്രസ് നടത്തിയ രാഷ്ട്രപതി ഭവൻ മാർച്ചിനിടെ രാഹുൽ ഗാന്ധിയെയും കസ്റ്റഡിയിലെടുത്തു. കൊടിക്കുന്നിൽ സുരേഷ്, രമ്യ ഹരിദാസ് തുടങ്ങിയ എം.പിമാരെ പോലീസ് റോഡിൽ വലിച്ചിഴച്ചു. രാഷ്ട്രപതിഭവന്‍ മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍ വിജയ്ചൗക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടയിലായിരുന്നു രാഹുൽ ഗാന്ധിക്കെതിരായ നടപടി.

രാഹുലിനൊപ്പമുണ്ടായിരുന്ന കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള എംപിമാരെയാണ് ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ബലം പ്രയോഗിച്ച് വാനിൽ കയറ്റിയെങ്കിലും രാഹുലിനെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് ആദ്യം വിസമ്മതിച്ചു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.