ഡൽഹിയിൽ എട്ടുവർഷത്തിനിടെയുള്ള മെച്ചപ്പെട്ട വായുനിലവാരം

ന്യൂഡൽഹി: ദീപാവലിയുടെ പിറ്റേന്ന്, എട്ട് വർഷത്തിനിടയിലെ ഏറ്റവും മികച്ച വായുവിന്‍റെ ഗുണനിലവാരം ഡൽഹി രേഖപ്പെടുത്തി. വിലക്ക് ലംഘിച്ച് തിങ്കളാഴ്ച പലയിടത്തും പടക്കം പൊട്ടിച്ചെങ്കിലും വായു പ്രതീക്ഷിച്ചത്ര മോശമായിരുന്നില്ല. ബംഗാൾ ഉൾക്കടലിൽ സിട്രാംഗ് ചുഴലിക്കാറ്റ് രൂപപ്പെട്ടതുൾപ്പെടെയുള്ള അനുകൂല കാരണങ്ങളാലാണ് ഇതെന്ന് വിദഗ്ധർ പറയുന്നു. ദീപാവലി പതിവിലും നേരത്തെ എത്തിയതിനാൽ താരതമ്യേന കാറ്റും ചൂടുമുള്ള അന്തരീക്ഷമായിരുന്നു. വായുവിൽ തങ്ങാതെ മാലിന്യം ചിതറിപ്പോകുന്നതിന് ഇത് സഹായിച്ചു.

അയൽ സംസ്ഥാനങ്ങളിലെ വൈക്കോൽ കത്തിക്കുന്നതുൾപ്പെടെ നിരവധി കാരണങ്ങളാൽ ദേശീയ തലസ്ഥാനത്ത് ശൈത്യകാലത്ത് കടുത്ത വായു മലിനീകരണം അനുഭവപ്പെടുന്നു. ദീപാവലിക്ക് 312 ആയിരുന്ന വായു ഗുണനിലവാര സൂചിക ചൊവ്വാഴ്ച 303 ആയി കുറഞ്ഞു. കഴിഞ്ഞ ദീപാവലിയെ അപേക്ഷിച്ച് 30 ശതമാനം കുറവാണിത്.

പടക്കം പൊട്ടിക്കുന്നതിന് പുറമെ ജനുവരി 1 വരെ ഡൽഹിയിൽ പടക്കങ്ങളുടെ വിൽപ്പന, വിതരണം, നിർമ്മാണം എന്നിവ നിരോധിച്ചിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങൾക്കിടയിലും ഉത്സവ ദിനത്തിൽ ആളുകൾ പടക്കം പൊട്ടിച്ചു. ബോധവൽക്കരണ പ്രചാരണങ്ങളും നിയമം ലംഘിച്ചതിന് ജയിൽവാസം ഉൾപ്പെടെയുള്ള ശിക്ഷ പോലുള്ള ഭീഷണികളും പ്രതീക്ഷിച്ച ഫലം കണ്ടില്ല.