‘സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങൾ നടത്തുന്നു’
തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബി.ജെ.പി നടത്തിയ ആക്രമണത്തിൽ പ്രതിഷേധം രേഖപ്പെടുത്തി സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്. ഏറ്റവും മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനത്ത് അത് തകർക്കാൻ സംഘപരിവാറിന്‍റെയും യു.ഡി.എഫിന്‍റെയും നേതൃത്വത്തിൽ ബോധപൂർവ്വമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാന സർക്കാർ നടത്തുന്ന ക്ഷേമവികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാതിരിക്കാനുളള ഇത്തരം ശ്രമങ്ങൾക്ക് പിന്നിൽ ബോധപൂർവമായ ഇടപെടലും നടക്കുന്നുണ്ട്.
തിരുവനന്തപുരത്തെ വികസന പ്രവർത്തനങ്ങൾക്ക് തടസമാകുന്ന ബി.ജെ.പി-യു.ഡി.എഫ് രാഷ്ട്രീയത്തെ തുറന്നുകാട്ടി മുന്നേറുന്ന എൽ.ഡി.എഫ് ജാഥയ്ക്ക് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. ഇതിന്‍റെ തുടർച്ചയാണ് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുള്ള ആക്രമണം. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
കഴിഞ്ഞ ആറ് വർഷത്തിനിടെ 23 സി.പി.ഐ(എം) പ്രവർത്തകരെ ആർ.എസ്.എസും യു.ഡി.എഫും എസ്.ഡി.പി.ഐയും ചേർന്ന് കൊലപ്പെടുത്തി. ഇതിൽ 17 പേരെ കൊലപ്പെടുത്തിയത് ബി.ജെ.പിയാണ്. ഇത്തരം വസ്തുതകൾ റിപ്പോർട്ട് ചെയ്യാതെ നിസ്സാര കാര്യങ്ങൾ പെരുപ്പിച്ച് കാണിച്ച് പാർട്ടിയെ കുറിച്ച് ജനങ്ങൾക്കിടയിൽ അപകീർത്തി സൃഷ്ടിക്കാനാണ് ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും സി.പി.ഐ(എം) പ്രസ്താവനയിൽ പറഞ്ഞു.